തിരക്കഥാകൃത്ത് സുന്ദരം അന്തരിച്ചു

ചെന്നൈ: പ്രമുഖ  തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ വിയറ്റ്നാം വീടു സുന്ദരം  (76) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ 350 ചിത്രങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശിവാജി ഗണേശന്‍, എം.ജി.ആര്‍ തുടങ്ങിയവര്‍ നായകരായ ഹിറ്റ് സിനിമകള്‍ തമിഴിന് സംഭാവന ചെയ്തു. രജനീകാന്ത്, കമല്‍ ഹാസന്‍, കാര്‍ത്തിക്, കെ.ആര്‍. വിജയ തുടങ്ങി പുതുതലമുറ അഭിനേതാക്കളോടൊപ്പവും  പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത സിനിമയായ ‘വിയറ്റ്നാം വീടി’ന്‍െറ തിരക്കഥയുടെ പേരിനൊപ്പമാണ് അറിയപ്പെട്ടിരുന്നത്.
ആദ്യം നാടകവും പിന്നീട് സിനിമയുമായ വിയറ്റ്നാം വീടില്‍ ശിവാജി ഗണേശനാണ് നായകന്‍. നിരവധി ടെലിവിഷന്‍ സീരിയലുകള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. എം.ജി.ആര്‍ അഭിനയിച്ച നാളൈ നമതെ, ജ്ഞാന ഒലി, നാന്‍ എന്‍ പിറന്തേന്‍, അണ്ണന്‍ ഒരു കോവില്‍, ശിവാജി അഭിനയിച്ച ഗൗരവം തുടങ്ങിയവ പ്രശസ്ത സിനിമകളാണ്.
ചെന്നൈ ടി നഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ കോണ്‍ഗ്രസ് വക്താവായ നടി ഖുഷ്ബു സുന്ദര്‍, സൂര്യ, മനോബാല, വൈ.ജി. മഹേന്ദ്രന്‍, ശിവകുമാര്‍, പൂര്‍ണിമ ഭാഗ്യരാജ് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.  ഭാര്യ: ചെല്ല. രണ്ടു പെണ്‍മക്കളുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.