ചെന്നൈ: സിനിമയെ വെല്ലുന്ന ഉദ്വേഗത്തിനും സംഘര്‍ഷത്തിനും തെരഞ്ഞെടുപ്പ് നടപടികള്‍ക്കുമൊടുവിലാണ് തെന്നിന്ത്യന്‍ താരസംഘടനയായ നടികര്‍ സംഘത്തിന്‍െറ ഭാവി ഭരണാധികാരികളെ കണ്ടത്തെിയത്. ഞായറാഴ്ച രാത്രി 11 മണിയോടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍, അന്തിമജയം വിശാലിന്‍െറ പാണ്ഡവര്‍ അണി സ്വന്തമാക്കി. ഒരു പതിറ്റാണ്ട് സംഘടനയെ നയിച്ച ആര്‍. ശരത്കുമാര്‍ എം.എല്‍.എ പക്ഷത്തെ തോല്‍പിച്ച് നാസറിന്‍െറയും വിശാലിന്‍െറയും നേതൃത്വത്തിലുള്ള യുവനിര അധികാരമേറ്റു. 10 വര്‍ഷമായി പ്രസിഡന്‍റ് കസേരയില്‍ ഇരുന്ന ശരത്കുമാറിനെ മലര്‍ത്തിയടിച്ച് നാസര്‍ പുതിയ പ്രസിഡന്‍റായി. രാധ രവിയെ തോല്‍പിച്ച് വിശാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തത്തെി. ട്രഷററായി കാര്‍ത്തി വിജയിച്ചു. ഒൗദ്യോഗിക പക്ഷത്തെ എസ്.എസ്.ആര്‍ കണ്ണനെയാണ് തോല്‍പിച്ചത്. വൈസ് പ്രസിഡന്‍റായി നാസര്‍ വിഭാഗത്തിലെ പൊന്‍വണ്ണനും കരുണാസും വിജയിച്ചു. 24 അംഗ എക്സിക്യൂട്ടിവിലേക്ക് 20 പേരെയും നാസര്‍ വിഭാഗത്തിന് വിജയിപ്പിച്ചെടുക്കാനായി.
ഞായറാഴ്ച രാവിലെ ഏഴുമുതല്‍ അഞ്ചുമണിവരെയായിരുന്നു തെരഞ്ഞെടുപ്പ്. ഹൈകോടതി നിര്‍ദേശപ്രകാരം മുന്‍ ജഡ്ജി ഇ. പത്മനാഭനാണ് മേല്‍നോട്ടം വഹിച്ചത്. തെരഞ്ഞെടുപ്പിനിടെ വോട്ടര്‍മാരെ സ്വാധീനിക്കുന്നെന്നാരോപിച്ച് വിശാലിന് നേരെ കൈയേറ്റ ശ്രമമുണ്ടായി. സംഘര്‍ഷസാധ്യതയും താരസാന്നിധ്യവും കണക്കിലെടുത്തും ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സംഘത്തില്‍ അംഗത്വമുള്ള മുഖ്യമന്ത്രി ജയലളിത സ്ഥലത്തില്ലാതിരുന്നതിനാല്‍ വോട്ട് രേഖപ്പെടുത്തിയില്ല. മുന്‍നിര താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, പ്രഭു, സൂര്യ, സത്യരാജ്, വടിവേലു, ഗൗതമി, അംബിക, രാധ, സുഹാസിനി, രേവതി, ഉര്‍വശി, ശാരദ, കെ.ആര്‍. വിജയ, സീമ, ശാരി, കോണ്‍ഗ്രസ് നേതാവായ ഖുശ്ബു തുടങ്ങിയവര്‍ വോട്ട് ചെയ്യാനത്തെി.
തെന്നിന്ത്യന്‍ താരസംഘടനയില്‍ 3,139 പേര്‍ക്ക് വോട്ടവകാശമുണ്ട്. സംഘടനയില്‍ 2,000 അംഗങ്ങള്‍ സിനിമയില്‍ നിന്നും ബാക്കി നാടക കലാകാരന്മാരുമാണ്. ഇതില്‍ 969 തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ശരത് പക്ഷത്തിനായിരുന്നു ഭൂരിപക്ഷം. നിരവധി മലയാളി സിനിമാതാരങ്ങളും സംഘടനയില്‍ അംഗങ്ങളാണ്. മൂന്നുവര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മൂന്നു തവണയായി ശരത് കുമാറിന്‍െറ പാനല്‍ ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതാദ്യമായാണ് ശക്തമായ മത്സരം ഭാരവാഹി തെരഞ്ഞെടുപ്പില്‍ രൂപംകൊണ്ടിരിക്കുന്നത്.
പ്രസിഡന്‍റായിരുന്ന ശരത്കുമാറിന്‍െറയും ജനറല്‍സെക്രട്ടറിയായിരുന്ന രാധാ രവിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ചാണ് നാസറും വിശാലും നേതൃത്വം നല്‍കുന്ന യുവനിര രംഗത്തത്തെിയത്. വോട്ടര്‍പട്ടികയില്‍ ക്രമക്കേടും ഭരണത്തില്‍ അഴിമതിയും ആരോപിച്ച് ഇവര്‍ ഹൈകോടതിയെ സമീപിച്ചു. ചെന്നൈ ടി.നഗറിലെ ഭൂമിയില്‍ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്. റിട്ട. ജഡ്ജി പത്മനാഭനെ തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലക്ക് കോടതി നിയോഗിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളെ തോല്‍പിക്കുന്ന പ്രചാരണമാണ് ഇരുവിഭാഗവും പുറത്തെടുത്തത്. സിനിമയുമായി കൂടിക്കലര്‍ന്നുകിടക്കുന്ന തമിഴകത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളോ മുന്‍നിര താരങ്ങളോ ആര്‍ക്കും പ്രത്യക്ഷമായി പിന്തുണ പ്രഖ്യാപിച്ചില്ല. മുഖ്യമന്ത്രി ജയലളിതയുടെ പിന്തുണ നാസര്‍ വിഭാഗം തേടിയെങ്കിലും ഇവര്‍ കൂടിക്കാഴ്ച അനുവദിച്ചില്ളെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവായ വിജയകാന്തും മുന്‍ മുഖ്യമന്ത്രി കരുണാനിധിയും പരസ്യമായി പിന്തുണ അറിയിച്ചുമില്ല. ആറുമാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാന്‍ താര രാഷ്ട്രീയ നേതാക്കള്‍ ധൈര്യം കാണിച്ചില്ല. യുവനിരക്ക് പരസ്യപിന്തുണയുമായി കമലഹാസന്‍ ആദ്യം രംഗത്തത്തെിയെങ്കിലും പിന്നീട് പക്ഷംപിടിക്കാതെ മാറിനില്‍ക്കുന്നതാണ് കണ്ടത്. സൂപ്പര്‍ സ്റ്റാറുകള്‍ ചിലര്‍ക്കുവേണ്ടി രഹസ്യമായ പിന്തുണ നല്‍കുന്നുമുണ്ട്. വിശാലിന്‍െറ നേതൃത്വത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് ശരത്കുമാര്‍ എഗ്മോര്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതയില്‍ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.