75 കോടിയില്‍പരം മുടക്കുമുതലിന് തടയിട്ട് ഇത്തരമൊരു സമരം എന്തിനായിരുന്നു -പൃഥ്വിരാജ് 

സിനിമാ സമരത്തില്‍ നിര്‍മാതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും തീയേറ്റര്‍ ഉടമകളെ വിമര്‍ശിച്ചും നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് തിയേറ്ററുടമകളെ രൂക്ഷമായി വിമർശിച്ച് നടൻ രംഗത്തെത്തിയത്. കഴിഞ്ഞ രണ്ടു മാസങ്ങളോളം ജോലി സംബന്ധവും അല്ലാതെയും ആയി ഞാന്‍ നാട്ടില്‍ ഇല്ലായിരുന്നു എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. സിനിമാവ്യവസായത്തിന്റെ 75 കോടിയില്‍പരം മുടക്കുമുതലിന് തടയിട്ടുകൊണ്ട് ഇത്തരമൊരു സമരം എന്തിനായിരുന്നു എന്നും പൃഥ്വിരാജ് ചോദിക്കുന്നു. പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്നതിലും കൂടുതല്‍ വിഹിതം വേണമെന്ന ചില തിയേറ്റര്‍ ഉടമകളുടെ ആവശ്യം. കേരളത്തില്‍ ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു എ ക്ലാസ് റിലീസ് തിയേറ്റര്‍ പോലും നിരന്തരമായി നഷ്ടത്തില്‍ ആണ് പ്രവര്‍ത്തനം തുടരുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

നമസ്കാരം,
കഴിഞ്ഞ രണ്ടു മാസങ്ങളോളം ജോലി സംബന്ധവും അല്ലാതെയും ആയി ഞാൻ നാട്ടിൽ ഇല്ലായിരുന്നു. ഈ കാലയളവിൽ സാക്ഷാത്കരിക്കപ്പെട്ടതു മലയാള സിനിമ വ്യവസായത്തിന്റെ ഒരു വലിയ സ്വപ്നവും വരും നാളുകളിൽ ഇനിയും വലുതായി സ്വപ്നം കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന 100 കോടി എന്ന മഹാത്ഭുതം ആണ്. 'പുലിമുരുഗൻ' എന്ന സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!
എന്നാൽ ഈ പോസ്റ്റ് ഇതേ കാലയളവിൽ സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന, മറ്റൊരു മഹാത്ഭുതത്തെ പറ്റി ആണ്....സിനിമ സമരം!
മുൻപെങ്ങും ഇല്ലാത്ത ഒരു ഊർജം കൈവരിച്ചു വന്ന മലയാള സിനിമ വ്യവസായത്തിന്റെ 75 കോടിയിൽപരം മുടക്കു മുതലിന് തടയിട്ടുകൊണ്ട് എന്തിനായിരുന്നു ഇങ്ങനെ ഒരു സമരം? പ്രദർശിപ്പിക്കുന്ന സിനിമകളിൽ നിന്നു കിട്ടുന്ന വരുമാനത്തിൽ നിന്നും ഇപ്പോൾ ലഭിക്കുന്നതിലും കൂടുതൽ വിഹിതം വേണമെന്ന ചില തിയേറ്റർ ഉടമകളുടെ ആവശ്യം. കേരളത്തിൽ ഇന്ന് സജീവമായി പ്രവർത്തിക്കുന്ന ഒരു എ ക്ലാസ് റിലീസ് തിയേറ്റർ പോലും നിരന്തരമായി നഷ്ടത്തിൽ ആണ് പ്രവർത്തനം തുടരുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. മാത്രമല്ല, ഈ വ്യവസായത്തിൽ പ്രവർത്തിക്കുന്ന എല്ലാവരേയും പോലെ കേരളത്തിലെ തിയേറ്റർ ഉടമകളുടെയും ഒരു സുവർണ്ണ കാലഘട്ടം ആയിരുന്നു 2015 - 2016 എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു ആവശ്യം? ഇപ്പോൾ നിലവിലുള്ള വിഹിത കണക്കുകളുടെയും ടാക്സ് റേറ്റുകളുടെയും വിശദീകരണത്തിലേക്കു ഞാൻ കടക്കുന്നില്ല..എന്നാൽ അവയെപ്പറ്റി അറിഞ്ഞാൽ, ഒരു നിർമാതാവിന് തന്റെ മുടക്കു മുതൽ തിരിച്ചു ലഭിക്കാൻ എത്ര ബുദ്ധിമുട്ടാണെന്നും എന്തുകൊണ്ട് ഇത്തരത്തിൽ ഒരു ആവശ്യം അപ്രാപ്യം ആണെന്നും വളരെ എളുപ്പം മനസ്സിലാക്കാൻ സാധിക്കും.
ശെരി ആണ്..മൾട്ടിപ്ലെക്സ് തിയേറ്റർ കോംപ്ലെക്‌സുകൾക്കു നൽകുന്ന ലാഭ വിഹിത കണക്കുകൾ വ്യത്യസ്തമാണ്. എന്നാൽ ഇവിടെ നമ്മൾ ഓർക്കേണ്ട കാര്യം, ഒരു ശരാശരി മൾട്ടിപ്ലെക്സിൽ ഒരു റിലീസ് സിനിമയുടെ 15 മുതൽ 25 ഷോകൾ വരെ ഒരു ദിവസം നടക്കാറുണ്ട്. അത് പോട്ടെ..ഒരു മൾട്ടിപ്ലെക്സ് കോംപ്ലക്സ് ഒരു സിനിമ പ്രേക്ഷകന് നൽകുന്ന അതേസൗകര്യങ്ങൾ ഉള്ള എത്ര സിംഗിൾ സ്ക്രീൻ തീയേറ്ററുകൾ ഉണ്ട് ഇന്ന് കേരളത്തിൽ? ഇനി ഉണ്ട് എന്നാണ് വാദമെങ്കിൽ, എന്തുകൊണ്ട് എല്ലാ സംഘടനകൾക്കും അംഗീകൃതമായ ഒരു തീയേറ്റർ റേറ്റിംഗ് പാനൽ/ബോഡി രൂപികരിച്ചു തീയേറ്ററുകൾ അത്തരത്തിൽ റേറ്റ് ചെയ്തു വിഹിതം നിശ്ചയിച്ചുകൂടാ?
ഈ ആശയ തർക്കത്തിൽ എന്റെ നിലപാട് ഞാൻ വ്യക്‌തമാക്കുന്നു...ഞാൻ നിർമാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പം ആണ്. അത് ഞാൻ ഒരു നിർമാതാവോ വിതരണക്കാരനോ ആയതു കൊണ്ടല്ല. മലയാള സിനിമയുടെ വളർച്ചയിൽ അഭിമാനിക്കുന്ന, ലോകത്തിനു മുന്നിൽ നമ്മുടെ സിനിമയെ നമ്മുടെ സംസ്കാരത്തിന്റെ നെടുന്തൂണുകളിൽ ഒന്നായി ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ഒരു സിനിമ സ്‌നേഹി ആയതു കൊണ്ടാണ്.
ഈ പ്രശ്നത്തിന് ഒരു പരിഹാരം എത്രയും പെട്ടന്ന് ഉണ്ടായി, കേരളത്തിലെ സിനിമ ശാലകൾ എത്രയും പെട്ടന്ന് വീണ്ടും ജനസാഗരങ്ങൾക്കു സാക്ഷ്യം വഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്..
പ്രിഥ്വി.

Full View
Tags:    
News Summary - Prithviraj Sukumaran cinema strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.