അവശേഷിക്കുന്ന പ്രതിരോധങ്ങള്‍
തോട്ടിറമ്പുകളിലും നീർച്ചാലുകളിലും കാണുന്ന വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നാടൻ മത്സ്യമാണ് 'കൊയ്ത്തകൾ'. ഇവ വലിയ പുഴപ്പരപ്പുകളിലേക്ക് നീന്താറില്ല. ഓളവും ആഴവുമില്ലാത്ത ചെറിയ വെള്ളപ്പൊട്ടിന്റെ ജീവിത പരിസരത്ത് കൊയ്ത്തകൾ ജീവിച്ചുതീരുന്നു. വയനാട്ടിലെ പാർശ്വവത്ക്കരിക്കപ്പെട്ട ആദിവാസി ജീവിതങ്ങളെ കൊയ്ത്തകളോടുപമിച്ച് കാടിെൻറ മക്കളോട് നാട് ചെയ്യുന്ന അനീതികളെ തുറന്നുകാണിക്കുകയാണ് ‘കൊയ്ത്ത’ എന്ന ഡോക്യുമെന്ററിയിലൂടെ രതീഷ് വാസുദേവനും അലിഫ് ഷായും.
ആദിവാസി ജീവിതങ്ങളുടെ തനിപ്പകർപ്പാണു സത്യത്തില്‍ കൊയ്ത്തകള്‍. കുറുമർ, കുറിച്യർ, അടിയർ, ഉൗരാളിമാർ, പണിയർ, കാട്ടുനായ്ക്കർ എന്നിവയാണ് വയനാട്ടിലെ ആദിവാസി ഗോത്രവിഭാഗങ്ങളിൽ പ്രധാനപ്പെട്ടവ. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന ഒട്ടുമിക്ക വികസന പദ്ധതികളും അവർക്ക് അനീതിയുടെ കല്ലുമഴയായിത്തീരുന്നുവെന്നതാണ് യാഥാർഥ്യം. വികസനമെന്ന പേരിൽ അടിച്ചേൽപിക്കപ്പെടുന്ന നിരവധിയായ തലതിരിഞ്ഞ പദ്ധതികൾ ആ പാവങ്ങളുടെ ജീവിതം തളർത്തിയിരിക്കുന്നു. തങ്ങളുടെ വംശംതന്നെ പതിയെപ്പതിയെ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയാണെന്ന തിരിച്ചറിവുണ്ടെങ്കിലും ഒന്നു പ്രതിഷേധിക്കാൻ പോലുമാവാത്ത വിധം തോൽപിക്കപ്പെട്ടിരിക്കയാണവർ.
പ്രാദേശികമായ സിനിമ നിർമിക്കാനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ട് രതീഷ് വാസുദേവൻ എന്ന സിനിമാമോഹി തുടങ്ങിവെച്ച വയനാട് ജനകീയ സിനിമാവേദിയും കുടുംബശ്രീ വയനാട് മിഷനും ചേര്‍ന്നാണ് ഡോക്യുമെൻററി നിർമിച്ചത്. ആദിവാസി ഊരുകള്‍ സന്ദർശിച്ചും ആദിവാസി വിഭാഗങ്ങളിലെ പാട്ടുസംഘങ്ങൾക്കൊപ്പം സഞ്ചരിച്ചുമാണ് ഈ ദൃശ്യാവിഷ്കാരത്തിന് അടിത്തറയൊരുക്കിയത്. ഒരു മിന്നായംപോലെ മിന്നിമറയുന്ന കൊയ്ത്തകളെ തിരഞ്ഞു പുഴയിലേക്ക് നോക്കിയിരിക്കുന്ന ആദിവാസി ബാലനിലൂടെ ഡോക്യുമെന്ററി കാടിന്റെ പാട്ടിലേക്ക് കാമറ തിരിക്കുന്നു.
കൊയ്ത്തകൾ നീന്തിത്തുടിക്കുന്ന ചെറുലോകം, അവയുടെ ഇത്തിരിവെട്ടത്തിലെ ആകാശവൃത്തം എന്നിങ്ങനെ ആദിവാസികളോട് ചേർന്നു നിൽക്കുന്ന ബിംബങ്ങളിലൂടെ ദൃശ്യങ്ങൾ പുരോഗമിക്കുന്നു. ആദിവാസി ജീവിതങ്ങളുടെ സംസ്കാരവും സംഗീതവും തൊട്ടറിഞ്ഞുകൊണ്ടുള്ള ചരിത്രപശ്ചാത്തല വിശദീകരണങ്ങൾ കൂടിയാകുമ്പോൾ കൊയ്ത്ത അവരുടെ നേർച്ചിത്രമായി മാറുന്നു. ഇന്റർനാഷനൽ ഫോക് ഫിലിം ഫെസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ‘കൊയ്ത്ത’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.