‘പ്രേമം’ ചോര്‍ന്ന കേസില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ല

തിരുവനന്തപുരം: ‘പ്രേമം’ സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന കേസില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ളെന്ന് ആന്‍റി പൈറസി സെല്‍. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ താല്‍ക്കാലിക ജീവനക്കാരായ മൂന്നുപേരെ ഇന്നു പുലര്‍ച്ചെ ആന്‍റി പൈറസി സെല്‍ അറസ്റ്റ് ചെയ്തിരുന്നു. നെടുമങ്ങാട് സ്വദേശികളായ അരുണ്‍ കുമാര്‍, നിധിന്‍, കോവളം സ്വദേശി കുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്.  

സെന്‍സര്‍ ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ മറ്റുള്ളവര്‍ക്കോ കേസില്‍ പങ്കില്ല. താല്‍ക്കാലിക ജീവനക്കാരനായ അരുണ്‍ കുമാറാണ് സിനിമ ലാപ്ടോപ്പില്‍ പകര്‍ത്തിയത്. നിധിനും കുമാരനും ഇയാളെ സഹായിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും ആന്‍റി പൈറസി സെല്‍ എസ്.പി. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘പ്രേമം’ സിനിമയുടെ കോപ്പി ഇന്‍റര്‍നെറ്റില്‍ പ്രചരിച്ച കേസില്‍ പൊലീസ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കുകള്‍, മൊബൈല്‍ ഫോണ്‍, ഡി.വി.ഡി എന്നിവ ഫൊറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. സിനിമയുടെ എഡിറ്റിങ് നടന്ന തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നീ സ്റ്റുഡിയോകളില്‍ നിന്നു പിടിച്ചെടുത്ത 32 ഹാര്‍ഡ് ഡിസ്കുകള്‍, ഡി.വി.ഡികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് ആന്‍റി പൈറസി സെല്‍ പരിശോധിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡിന്‍റെ മുദ്രയുള്ള ‘പ്രേമം’ സിനിമയുടെ പതിപ്പാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത്. സിനിമയുടെ സെന്‍സര്‍ കോപ്പി എങ്ങനെ ചോര്‍ന്നെന്നും ഇത് എവിടെ നിന്നൊക്കെയാണ് ഇന്‍റര്‍നെറ്റിലേക്ക് അപ്ലോഡ് ചെയ്തതെന്നുമാണ് ആന്‍റി പൈറസി സെല്‍ അന്വേഷിക്കുന്നത്.

 





 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.