അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടവും ജീവിതവുമായി ‘ദ പേള്‍ ബട്ടന്‍’

തിരുവനന്തപുരം: സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരുടെ പോരാട്ടവും ജീവിതവും രാഷ്ട്രീയവും പറഞ്ഞ് മേളയുടെ നാലാംനാള്‍. തിങ്കളാഴ്ച കൂടുതല്‍ മികച്ച ചിത്രങ്ങള്‍ ആസ്വാദകരെ തേടിയത്തെി. ചിലിയുടെ കഥ പറയുന്ന ‘ദ പേള്‍ ബട്ടന്‍െറ’ ഓരോ ഫ്രെയിമിലും രാഷ്ട്രീയമായും സാംസ്കാരികമായും ഒരു ജനത നേരിടുന്ന വെല്ലുവിളികളായിരുന്നു. കോളനിവത്കരണത്തിന്‍െറയും പട്ടാളഭരണത്തിന്‍െറയും ക്രൂരതകള്‍ ഏറ്റുവാങ്ങിയതിന്‍െറ നീറുന്ന മുറിപ്പാടുകള്‍ ഇന്നും ആഴത്തില്‍ അവിടെ മണ്ണിലും ശരീരത്തിലും ഉണങ്ങാതെ കിടപ്പുണ്ടെന്ന് പാട്രിക്കോ ഗുസ്മാന്‍െറ സംവിധാനമികവില്‍നിന്ന് വായിച്ചെടുക്കാം. 2760 മൈല്‍ പരന്നുകിടക്കുന്ന മനോഹര തീരമേഖലകളിലായിരുന്നു തദ്ദേശീയരായ പാറ്റഗോനിയക്കാര്‍ അധിവസിച്ചിരുന്നത്. കടല്‍കടന്നത്തെിയ ബ്രിട്ടീഷുകാര്‍ ഇവരെ അടിമകളാക്കുകയും കോളനിവത്കരണം അടിച്ചേല്‍പിക്കുകയും വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ചെയ്യുന്നു. അതിക്രമങ്ങള്‍ കടലോരത്തുനിന്ന് മഞ്ഞുമലകളിലേക്കും പര്‍വതങ്ങളിലേക്കും വ്യാപിച്ചു. അധിനിവേശം രാജ്യത്തിന്‍െറ മനോഹര ഭൂപ്രകൃതിയെയും പരിസ്ഥിതിയെയും എങ്ങനെ ബാധിക്കുന്നെന്ന് ചിത്രം പറയുന്നു. സ്വാതന്ത്ര്യത്തിന്‍െറ ശുദ്ധവായു ആസ്വദിച്ച് തുടങ്ങുമ്പോഴാണ് ഭരണാധികാരി സാല്‍വഡോര്‍ അലിന്‍ഡെയില്‍നിന്ന് അട്ടിമറിയിലൂടെ സൈന്യാധിപന്‍ ആഗസ്റ്റേ പിനോഷെ ഭരണം പിടിച്ചെടുത്തത്. തുടര്‍ന്ന് അമേരിക്കയുടെ പിന്തുണയോടെ സൈനിക ഭരണകൂടം സ്ഥാപിച്ച അദ്ദേഹം ജനങ്ങള്‍ക്ക് ദുരിതജീവിതം സമ്മാനിക്കുന്നു. പ്രതികരിച്ചവരെ ക്രൂരമായ നടപടിക്കിരയാക്കുന്നു. ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍, ടൊറണ്ടോ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിച്ചിട്ടുണ്ട്.
രണ്ടാംലോകയുദ്ധ കാലത്ത് നാസി നയങ്ങള്‍ അടിച്ചേല്‍പിക്കുന്ന ടര്‍ക്കിഷ് ഭരണകൂടത്തിന്‍െറ ക്രൂരതകള്‍ പറയുകയാണ് ‘മെമറീസ് ഓഫ് ദ വിന്‍ഡ്’.
സ്ത്രീ സ്വാതന്ത്ര്യത്തിനുമേല്‍ വീടകങ്ങള്‍ വേലി തീര്‍ക്കുന്നതിനോടുള്ള അഞ്ച് പെണ്‍കുട്ടികളുടെ ചെറുത്തുനില്‍പാണ് തുര്‍ക്കി ചിത്രം ‘മുസ്താങ്’ പറയുന്നത്. സ്കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കുട്ടികള്‍ കാട്ടുന്ന തമാശ നാട്ടിലെ സദാചാര പ്രശ്നമാകുകയും പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും പഠനം മുടങ്ങുകയും ചെയ്യുന്നു. വിലക്ക് മറികടക്കാന്‍ പെണ്‍കുട്ടികള്‍ നടത്തുന്ന ശ്രമങ്ങളാണ് മെല്‍ബണ്‍ ഇന്‍റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവലിലടക്കം പ്രദര്‍ശിപ്പിച്ച ചിത്രത്തിന്‍െറ പ്രമേയം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.