തിരയില്‍ ആവര്‍ത്തിക്കുന്ന പേര്‍ഷ്യന്‍ കവിത

തിരുവനന്തപുരം: ദൃശ്യാവിഷ്കാരത്തിലോ പുതുമയോ കഥപറച്ചിലിലെ സങ്കീര്‍ണതകളോ അല്ല ഇറാനിയന്‍ സിനിമകളെ സ്വപ്ന സഞ്ചാരങ്ങളാക്കുന്നത്. നേര്‍രേഖയില്‍ പറയുന്ന കഥയും അതിന്‍െറ കാവ്യാത്മകതയുമാണ് പലപ്പാഴും ഈ സിനിമകള്‍ സമ്മാനിക്കുക. ഇറാനിയന്‍ പാരമ്പര്യ സിനിമാ സങ്കല്‍പ്പങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ‘നഹീദ്’ എന്ന ചിത്രം. ദശാബ്ദത്തിലധികമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ പനഹന്ദേഹ് ആണ് ചിത്രത്തിന്‍െറ സംവിധായിക. നേരത്തേ നിരവധി ചെറുസിനിമകളും ഡോക്യുമെന്‍ററികളും തയാറാക്കിയിട്ടുള്ള സംവിധായികയുടെ ആദ്യ സ്വതന്ത്ര ചലച്ചിത്രമാണിത്. വിവാഹ മോചിതയായ നഹീദ് 10 വയസ്സുകാരനായ മകനോടൊപ്പമാണ് താമസം. പുനര്‍വിവാഹം നടത്തില്ളെന്ന കരാറിലാണ് മകനെ നഹീദിന് കോടതി വിട്ടുനല്‍കിയത്. തുടര്‍ന്ന് അവര്‍ റിസോര്‍ട്ട് നടത്തിപ്പുകാരനായ മസൂദ് എന്ന ധനികനുമായി പ്രണയത്തിലാവുന്നു. ഇരുവര്‍ക്കും വിവാഹം കഴിക്കണമെന്നുണ്ടെങ്കിലും വിവാഹമോഹന കരാര്‍ അതിന് തടസ്സമാവുന്നു. ഇതിനെ മറികടക്കാന്‍ താല്‍ക്കാലിക വിവാഹമെന്ന അത്രസാധാരണമല്ലാത്ത മാര്‍ഗമാണ് നഹീദും മസൂദും സ്വീകരിക്കുന്നത്. ഇതുണ്ടാക്കുന്ന സംഘര്‍ഷങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
ഇറാനിയന്‍ സിനിമയുടെ ശ്രേഷ്ഠ മാതൃകയായ അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എ സെപറേഷന്‍’ എന്ന ചിത്രത്തോട് പലതരത്തിലും സാമ്യപ്പെടുന്നുണ്ട് നഹീദ്. നിയമങ്ങള്‍ മാനവിക വിരുദ്ധമാകുന്ന സന്ദര്‍ഭങ്ങളും അതിനെ മറികടക്കാന്‍ മനുഷ്യന്‍ കണ്ടത്തെുന്ന മാര്‍ഗങ്ങളും അത് വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളുമാണ് ഇരുചിത്രങ്ങളെയും സാമ്യപ്പെടുത്തുന്നത്. സിനിമ കണ്ടിറങ്ങുമ്പോള്‍ ആസ്വാദകനില്‍ അവശേഷിക്കുന്നത് പക്ഷം ചേരാകാത്ത ശൂന്യതയാണ്. എല്ലാ കഥാപാത്രങ്ങളിലും നന്മ തിന്മകളുണ്ട്. ആരും പരിശുദ്ധരല്ല എന്ന സന്ദേശവും ചിത്രം നല്‍കുന്നു.
ആത്യന്തികമായി ‘നഹീദ്’ ഒരു പ്രണയ സിനിമയാണ്. ഇറാനിയന്‍ സ്ത്രീയുടെ പ്രണയ സംഘര്‍ഷങ്ങളാണ് ചിത്രത്തിന്‍െറ പരിസരം. ചിത്രീകരണത്തില്‍ തങ്ങളനുഭവിക്കുന്ന വിലക്കുകളെ സര്‍ഗാത്മകമായി മറികടക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങളാണ് പേര്‍ഷ്യന്‍ സിനിമകളെ ഇത്രമേല്‍ സുന്ദരങ്ങളാക്കുന്നത്. കാനില്‍ ഉള്‍പ്പടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.