സ്ത്രീകളുടെ കഥ... ചൈനയുടെയും

തിരുവനന്തപുരം: ചരടില്‍ കോര്‍ത്ത കുടുംബബന്ധങ്ങളുടെ ഹൃദയത്തിലൂന്നി, ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ വികസിത ചൈനയുടെ ഭാവിക്ക് ചോദ്യചിഹ്നമിട്ട ‘മൗണ്ടന്‍സ് മെ ഡിപാര്‍ട്ടിന്’ മേളയില്‍ പ്രേക്ഷകരുടെ കൈയടി. പ്രണയവും കുടുംബവും വാര്‍ധക്യവും മൂന്നു ഘട്ടങ്ങളിലായി പറയുന്ന ചിത്രം ചൈനയുടെ സംസ്കൃതിക്കപ്പുറം വികസിത ചൈനയിലെ കുടുംബങ്ങളിലുണ്ടാകുന്ന തകര്‍ച്ചയിലേക്കും വിരല്‍ ചൂണ്ടുകയാണ്.
1999ല്‍ ചൈനയിലെ ഫെന്യാങ്ങിലാണ് കഥ ആരംഭിക്കുന്നത്. ലിയാങ്സി എന്ന കല്‍ക്കരി ഖനി തൊഴിലാളിയും ഴാങ് എന്ന ഗ്യാസ് സ്റ്റേഷന്‍ ഉടമസ്ഥനും ബാല്യകാല സുഹൃത്തുക്കളാണ്. എന്നാല്‍, ഉറ്റസുഹൃത്തും നഗരത്തിലെ സുന്ദരിയുമായ താവോവുമായി ഇരുവരും ഗാഢപ്രണയത്തിലാണ്. പക്ഷേ, ദരിദ്രനായ ലിയാങ്സിക്ക് താവോയോട് തന്‍െറ പ്രണയം പറയാന്‍ ധൈര്യമില്ല. ഈ അവസരം മുതലെടുത്ത് ഴാങ് താവോയെ സ്വന്തമാക്കുന്നു. ഇത് സുഹൃത്തുക്കള്‍ തമ്മിലെ തര്‍ക്കത്തിന് കാരണമാകുകയും ലിയാങ്സി നാടുവിടുകയും ചെയ്യുന്നു. തുടര്‍ന്ന് പണക്കൊതിയനായ ഴാങ്ങിനും താവോക്കും ‘ഡോളര്‍’ എന്ന മകന്‍ പിറക്കുന്നതോടെ ജീവിതത്തിന്‍െറ ഒന്നാംഘട്ടം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവസാനിക്കുന്നു.
 രണ്ടാംഘട്ടത്തില്‍ താവോ വിവാഹമോചിതയാകുന്നു. മകന്‍ ഡോളറിനെ ഒപ്പം കൂട്ടി ഴാങ് വമ്പന്‍ ബിസിനസ് സ്വപ്നങ്ങള്‍ നെയ്തുകൂട്ടി ആസ്ട്രേലിയയില്‍ ചേക്കേറുന്നു. മകനെ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ ഴാങ് കൂട്ടാക്കുന്നില്ല. ഇത് കടുത്ത മാനസിക സംഘര്‍ഷത്തിലേക്കാണ് ഡോളറിനെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇംഗ്ളീഷ് ഭാഷ മാത്രം അറിയുന്ന ഡോളറിന് തന്‍െറ അച്ഛനോടുപോലും സംസാരിക്കാന്‍ മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷനെയും ദ്വിഭാഷിയെയും ആശ്രയിക്കേണ്ടിവരുന്നു. അമ്മയെക്കുറിച്ച് അവനാകെ അറിയാവുന്നത് അവരുടെ പേരുമാത്രമാണ്. താവോയുടെയും ഡോളറിന്‍െറയും ജീവിതത്തിലെ തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് മൂന്നാംഘട്ടം.
ഈ വര്‍ഷത്തെ മികച്ച യൂറോപ്യന്‍ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രേക്ഷക അവാര്‍ഡ് നേടിയിരുന്നു. കാന്‍, ഷികാഗോ, ലണ്ടന്‍ തുടങ്ങി ഇതിനോടകം 10ഓളം മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ജിയ ഷാങ് കീയാണ് സംവിധാനം ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.