ബംഗളൂരു: കര്‍ണാടകയിൽ ടൂറിസ സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് വിധാന സൗധയിൽ ഏർപ്പെടുത്തുന്ന ഗൈഡഡ് ടൂർ സംവിധാനം ജൂൺ ഒന്നിന് ആരംഭിക്കും. മുതിർന്നവർക്ക് 50 രൂപയാണ് ഫീസ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം.
വിധാന സൗധ ടൂർ എല്ലാ ഞായറാഴ്ചകളിലുമുണ്ടാകും. ഇതിനുപുറമെ, എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഗൈഡഡ് ടൂർ ഒരുക്കും. രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശക സമയം. കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെ.എസ്.ടി.ഡി.സി) വഴി ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓരോ ടൂറിലും 30 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഒരു ദിവസം പരമാവധി 300 പേർക്കാണ് പ്രവേശനം. 90 മിനിറ്റ് ദൈർഘ്യമുള്ള ടൂർ കന്നടയിലും ഇംഗ്ലീഷിലും ഒരുക്കും. വിധാന സൗധയുടെ മൂന്നാം നമ്പർ ഗേറ്റിൽ നിന്നാണ് സന്ദർശകർക്ക് പ്രവേശനം. നിയമസഭയുടെ ചരിത്രം, നിർമിതികളുടെ പ്രാധാന്യം എന്നിവ സന്ദര്‍ശകര്‍ക്ക് വിവരിച്ചുനല്കുന്നതിനായി 30 അംഗങ്ങള്‍ക്ക് ഒരു ഗൈഡ് എന്ന രീതിയില്‍ ഗൈഡിനെ നിയമിക്കും. സന്ദര്‍ശകര്‍ വിധാൻ സൗധയിലെ നടപടിക്രമങ്ങൾ പാലിക്കണമെന്നും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ നിര്‍ബന്ധമായും കൈവശം വെക്കണമെന്നും അധികൃതർ പറഞ്ഞു. വിധാന സൗധക്കുള്ളിലെ നിയമസഭ ഹാൾ, ഉപരിസഭയായ നിയമ നിർമാണ കൗൺസില്‍ തുടങ്ങി വിവിധ സ്ഥലങ്ങള്‍ കാണാനും അവയുടെ ചരിത്രം മനസ്സിലാക്കാനും ഇതുമൂലം അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.