ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ നീളൻ മരത്തടിയുമായി അജ്ഞാതൻ
ബംഗളൂരു: ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ നീളൻ മരത്തടിയുമായി വാഹനങ്ങൾക്ക് അജ്ഞാതൻ അപകട ഭീഷണിയുയർത്തിയത് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി. കെങ്കേരിക്ക് സമീപമാണ് സംഭവം.
ഒരു യാത്രക്കാരൻ തന്റെ കാറിലെ ഡാഷ് കാമറ വഴി പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തതോടെയാണ് ബംഗളൂരു- മൈസൂരു എക്സ്പ്രസ്വേയിലെ പുതിയ അപകട ഭീഷണി സംബന്ധിച്ച് ചർച്ച സജീവമായത്. വൺവേ റോഡിൽ എതിരെ വാഹനങ്ങൾ വരുന്നതും റോഡിൽ മതിയായ സുരക്ഷ സംവിധാനങ്ങളില്ലാത്തുമെല്ലാം മുമ്പും ചർച്ചയായിരുന്നു.
എക്സ്പ്രസ് വേയിൽ അസാധാരണമായ ഒരു തടസ്സം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡ്രൈവർ പെട്ടെന്ന് വാഹനം നിർത്തിയതിനാലാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു മരത്തടി റോഡിലേക്കിറക്കിവെച്ച് ഡിവൈഡറിൽ ഒരാൾ നിൽക്കുകയാണെന്ന് മനസ്സിലായി.ബംഗളൂരു പൊലീസിനെ ടാഗ് ചെയ്ത് ദർശൻ എന്നയാൾ എക്സിൽ പോസ്റ്റിട്ടതോടെ സംഭവം സജീവ ചർച്ചയായി.
യാത്രക്കാരുടെ ജീവൻവെച്ച് പന്താടുന്ന ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യമുയർന്നു. പുതിയ സംഭവത്തിലെ അജ്ഞാതൻ മോഷണ ശ്രമത്തിന്റെ ഭാഗമായാണ് നീളൻ മരത്തടിയുമായി വാഹനങ്ങളെ അപായപ്പെടുത്താൻ നിന്നതെന്നായിരുന്നു പല കമന്റുകളും. അതേസമയം, വൻ അപകടത്തിനിടയാക്കുന്ന ഇത്തരം പ്രവൃത്തികളിൽ ഹൈവേ പട്രോളിങ് വിഭാഗത്തിനുപോലും നടപടിയെടുക്കാനാവുന്നില്ലെന്ന വിമർശനവുമുയർന്നു.
എക്സ്പ്രസ് വേയിലേക്ക് കാൽനടക്കാരും കന്നുകാലികളും പ്രവേശിക്കാതിരിക്കാൻ ബാരിക്കേഡ് തീർത്തിട്ടുണ്ടെങ്കിലും പലയിടത്തും ഇത് ഫലപ്രദമല്ല. സുരക്ഷക്കായി എ.ഐ കാമറ സംവിധാനമുണ്ടെങ്കിലും ഹൈവേയിലേക്കുള്ള ഇത്തരം അതിക്രമിച്ചു കടക്കൽ തടയാൻ പൊലീസിനാവുന്നില്ല. അതേസമയം, സംഭവത്തിലുൾപ്പെട്ട വ്യക്തി കവർച്ചക്കാരനല്ലെന്നും ഹൈവേ സർവിസ് റോഡിലെ തൊഴിലാളിയാണെന്നുമുള്ള വിശദീകരണവുമായി രാമനഗര പൊലീസ് രംഗത്തുവന്നു.
ഹെജ്ജാല വില്ലേജിലേക്ക് പോവുകയായിരുന്നു ഇയാളെന്നും ജോലിസ്ഥലത്തുനിന്നുള്ള മരത്തടി കൈയിൽ കരുതിയിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാൾ മരത്തടിയുമായി ഒരു മിനിറ്റോളം ഹൈവേ ഡിവൈഡറിൽ നിന്നു. പിന്നീട് സർവിസ് റോഡിലൂടെ യാത്ര തുടർന്നു. സി.സി.ടി.വി ദൃശ്യങ്ങൾ വഴിയാണ് ഇത് സ്ഥിരീകരിച്ചതെന്നും തൊഴിലാളിയുടെ പ്രവൃത്തിക്ക് പിന്നിൽ ക്രിമിനൽ ചിന്താഗതിയില്ലെന്നും യാത്രക്കാർ പരിഭ്രാന്തരാവേണ്ടതില്ലെന്നും പൊലീസ് വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് 112 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.