മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: മുഡ കേസിൽ സിദ്ധരാമയ്യക്കും ഭാര്യക്കും ക്ലീൻ ചിറ്റ്. മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭവനഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് കർണാടക ലോകായുക്ത പൊലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് ബുധനാഴ്ച ബംഗളൂരുവിലെ പ്രത്യേക കോടതി അംഗീകരിച്ചു. കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി, മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമി, മുൻ ഭൂവുടമ ജെ. ദേവരാജ് എന്നിവർക്കെതിരായ അഴിമതി ആരോപണത്തിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലീൻചിറ്റ്. ഇതുസംബന്ധിച്ച് 2025 ഫെബ്രുവരിയിൽ ലോകായുക്ത പൊലീസ് കോടതിയിൽ ‘ബി’(ക്ലോഷർ) റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ബുധനാഴ്ച പ്രത്യേക കോടതി ഈ റിപ്പോർട്ട് ഔദ്യോഗികമായി അംഗീകരിച്ചു.
നേരത്തേ മുദ്രവെച്ച കവറിൽ സമർപ്പിച്ച കരട് റിപ്പോർട്ട് പ്രത്യേക കോടതി തിരിച്ചയച്ചിരുന്നു. മറ്റ് പ്രതികളെക്കുറിച്ചുള്ള അന്വേഷണം തുടരാനും അന്വേഷണം പൂർത്തിയാക്കിയശേഷം സമഗ്രമായ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. മുഡ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ സ്ഥിതി വിശദീകരിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ കരട് ലോകായുക്ത പൊലീസ് ജനുവരി 13നാണ് സമർപ്പിച്ചത്.
അന്വേഷണ കാലതാമസത്തിന് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹരജി കോടതി തള്ളി. 2024ൽ സ്നേഹമയി കൃഷ്ണ സമർപ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ആരംഭിച്ചത്. അതോറിറ്റി ഏറ്റെടുത്തതായി ആരോപിക്കപ്പെടുന്ന 3.16 ഏക്കർ വസ്തുവിന് പകരമായി മുഖ്യമന്ത്രിയുടെ കുടുംബത്തിന് മുഡ 14 പ്ലോട്ടുകള്‍ അനുവദിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ താവർചന്ദ് ഗെഹലോട്ട് 2024 ആഗസ്റ്റിൽ 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17-എ പ്രകാരം സിദ്ധരാമയ്യക്കെതിരെ അന്വേഷണം നടത്താൻ അനുമതി നൽകി. ആരോപണങ്ങളിൽ അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ച് കർണാടക ഹൈകോടതി 2024 സെപ്റ്റംബറിൽ ഗവർണറുടെ അനുമതി ശരിവെച്ചു. ഇതേതുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദ അന്വേഷണം നടത്താൻ ലോകായുക്ത പൊലീസിനോട് പ്രത്യേക കോടതി നിർദേശിച്ചു.
ഈ കേസിൽ ഇ.ഡിക്ക് ഒരുപരിധിവരെ മാത്രമേ വിഷയത്തിൽ ഇടപെടാൻ കഴിയൂവെന്ന് കോടതി നിരീക്ഷിച്ചു. ആർ.ടി.ഐ പ്രവർത്തകനും ഇ.ഡിയും ക്ലോഷർ റിപ്പോർട്ടിനെ ചോദ്യംചെയ്തിരുന്നു. കേസിൽ സി.ബി.ഐ അന്വേഷണവും അവർ ആവശ്യപ്പെട്ടു. ലോകായുക്ത അന്വേഷണത്തിന്റെ ഫലത്തെ ചോദ്യംചെയ്ത് സ്നേഹമയി കൃഷ്ണ സമർപ്പിച്ച പ്രതിഷേധ ഹരജി പ്രത്യേക കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.