ഷാമണൂർ ശിവശങ്കരപ്പ
ബംഗളൂരു: മുതിർന്ന കോൺഗ്രസ് എം.എൽ.എ ഷാമണൂർ ശിവശങ്കരപ്പയുടെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. അന്ത്യകർമങ്ങൾ ദാവങ്കരയിലെ കല്ലേശ്വര മിൽ പരിസരത്ത് വീരശൈവ-ലിംഗായത്ത് പാരമ്പര്യമനുസരിച്ച് നടന്നു. മകൻ എസ്.എസ്. മല്ലികാർജുൻ ചടങ്ങുകള്‍ നിർവഹിച്ചു. മൃതദേഹത്തിൽ ത്രിവർണ പതാക പുതപ്പിക്കുകയും മൂന്നുതവണ ആചാരവെടിയുതിർക്കുകയും ചെയ്തു. പിന്നീട്, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ത്രിവർണ പതാക കുടുംബത്തിന് കൈമാറി.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, സ്പീക്കർ യു.ടി. ഖാദർ, മന്ത്രിമാരായ എച്ച്.സി. മഹാദേവപ്പ, കെ.ജെ. ജോർജ്, ഭൈരതി സുരേഷ്, എം.ബി. പാട്ടീൽ, ഖണ്ഡേ, മുനിയപ്പ, ശരണബസപ്പ ദർശനപുര, ഡി. സുധാകർ, സമീർ അഹമ്മദ്, ബൊസരാജു, സതീഷ്, ഹെബ്ബാൾക്കർ, നിയമസഭ പ്രതിപക്ഷ നേതാവ് അശോക്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര, സിരിഗെരെ താരലബാലു മഠത്തിലെ ഡോ. ശിവമൂർത്തിശ്രീ, രംഭാപുരി ജഗദ്ഗുരുക്കളുടെ വിവിധ തലവന്മാരായ വചനാപുരി ജഗദ്ഗുരുസ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
അഖിലേന്ത്യാ വീരശൈവ മഹാസഭ പ്രസിഡന്‍റായ ഷാമണൂർ ശിവശങ്കരപ്പ (94) ഞായറാഴ്ച ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. ആറ് തവണ എം.എൽ.എയും ഒരുതവണ എം.പിയുമായിരുന്നു. 1971ലാണ് ഷാമണൂർ ശിവശങ്കരപ്പ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ദാവങ്കരെ മുനിസിപ്പൽ കൗൺസിൽ അംഗമായും പിന്നീട് മുനിസിപ്പൽ കൗൺസിൽ പ്രസിഡന്‍റായും ദീർഘകാലം സേവനമനുഷ്ഠിച്ചു.
1994ൽ കോൺഗ്രസ് ടിക്കറ്റിൽ ദാവങ്കരെ നിയോജകമണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1997ൽ നിയമസഭയിൽനിന്ന് രാജിവെച്ച് ദാവങ്കരെ ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ച് എം.പിയായി. 1999ൽ നടന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ഏക തോൽവിയായിരുന്നു ഇത്. 2004, 2008, 2013, 2018, 2023 വർഷങ്ങളിൽ കോൺഗ്രസ് പാർട്ടിയിൽനിന്ന് അദ്ദേഹം വീണ്ടും എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രി എസ്.എസ്. മല്ലികാർജുന ഉൾപ്പെടെ മൂന്ന് ആൺമക്കളും നാല് പെൺമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.