വഖഫ്, ന്യൂനപക്ഷ മന്ത്രി സമീർ അഹ്മദ് ഖാൻ വെള്ളിയാഴ്ച ശേഷാദ്രി പുരം ജുമാമസ്ജിദിൽ പ്രാർഥനയിൽ
ബംഗളൂരു: പാകിസ്താനെതിരെ ‘ഓപറേഷൻ സിന്ദൂറിൽ’ ഏർപ്പെട്ട ഇന്ത്യൻ സായുധ സേനയുടെ ക്ഷേമത്തിനായി വെള്ളിയാഴ്ച കർണാടകയിലെമ്പാടുമുള്ള പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടന്നു. ഇതിന് നിർദേശം നൽകി കർണാടക സർക്കാർ വ്യാഴാഴ്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ബംഗളൂരു ശേഷാദ്രിപുരത്തെ മസ്ജിദിൽ ജുമുഅ നമസ്കാരത്തിൽ (വെള്ളിയാഴ്ച സഭാ പ്രാർഥന) വഖഫ്, ഭവന, ന്യൂനപക്ഷകാര്യ മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ പങ്കെടുത്തു.
നിരപരാധികളായ സാധാരണക്കാർക്കെതിരായ പഹൽഗാം ആക്രമണത്തിന്റെയും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പാകിസ്താൻ വർധിപ്പിച്ചതിന്റെയും പശ്ചാത്തലത്തിൽ രാജ്യത്തെ പ്രതിരോധിക്കുന്ന ഇന്ത്യൻ സൈനികർക്കു വേണ്ടിയാണ് താനുൾപ്പെടെ പ്രാർഥിച്ചതെന്ന് മന്ത്രി ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ മുൻ പ്രസ്താവന ആവർത്തിച്ചുകൊണ്ട്, അനുവദിച്ചാൽ പാകിസ്താനെതിരെ ചാവേർ ബോംബറാകാൻ തയാറാണെന്ന് മന്ത്രി സമീർ പറഞ്ഞു. നമ്മുടെ സായുധ സേനയുടെ ശക്തിക്കായി പ്രാർഥിക്കുന്നതിൽ മറ്റുള്ളവരോടൊപ്പം താനും ചേർന്ന് സംസ്ഥാനത്തുടനീളം ചെയ്തിട്ടുണ്ട്.കർണാടകയിൽ മാത്രമല്ല രാജ്യമെമ്പാടും പ്രത്യേക പ്രാർഥനകൾ നടക്കുന്നുണ്ട്. ‘ഓപറേഷൻ സിന്ദൂറി’ന്റെ വിജയത്തിനും നമ്മുടെ രാജ്യത്തിന്റെ സംരക്ഷണത്തിനുമായി രാജ്യവ്യാപകമായി ഇത്തരം പ്രാർഥനകൾ നടത്തണമെന്നാണ് മതനേതാക്കൾ നിർദേശിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.