പത്മശ്രീ പ്രഫ. സുബ്ബണ്ണ അയ്യപ്പൻ
ബംഗളൂരു: പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും പത്മശ്രീ അവാർഡ് ജേതാവുമായ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി..എ.ആർ) മുൻ ഡയറക്ടർ ജനറൽ പ്രഫ. സുബ്ബണ്ണ അയ്യപ്പനെ (70) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിനടുത്തുള്ള കാവേരി നദിയിൽനിന്ന് അഴുകിയ നിലയിലായിരുന്നു മൃതദേഹം.
മൂന്ന് ദിവസം മുമ്പ് ശ്രീരംഗപട്ടണയിലെ സായിബാബ ആശ്രമത്തിന് സമീപമുള്ള നദിയിലേക്ക് ചാടിയതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്കൂട്ടർ നദീതീരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ച വീട്ടിൽനിന്ന് ഇറങ്ങിപ്പോയശേഷം തിരിച്ചുവന്നില്ലെന്ന് കുടുംബാംഗങ്ങൾ മൈസൂരു വിദ്യാരണ്യപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മൈസൂരുവിലെ കെ.ആർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൈസൂരു-ബംഗളൂരു ദേശീയപാതയിൽ റിങ് റോഡ് ജങ്ഷനിൽനിന്ന് ശ്രീരംഗപട്ടണം ഭാഗത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ മൈസൂരു പൊലീസ് ശ്രീരംഗപട്ടണം പൊലീസുകാരുമായി പങ്കുവെച്ചിരുന്നു.
കൃഷി, മത്സ്യകൃഷി ഗവേഷണം എന്നിവയിൽ ശ്രദ്ധേയനായ അയ്യപ്പൻ ഡൽഹി, മുംബൈ, ഭോപാൽ, ബംഗളൂരു എന്നിവിടങ്ങളിൽ പ്രധാന ഗവേഷണ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ ‘നീല വിപ്ലവ’ത്തിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. കാർഷിക ശാസ്ത്രത്തിനുള്ള സംഭാവനകൾക്ക് 2022ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു.
ഇംഫാലിലെ സെൻട്രൽ അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി (സി.എ.യു) വൈസ് ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1955 ഡിസംബർ 10 ന് ചാമരാജനഗർ ജില്ലയിലെ യെലന്ദൂരിലാണ് ജനിച്ചത്. മംഗളൂരുവിൽനിന്ന് ബി.എഫ്.എസ്.സി (1975), എം.എഫ്.എസ്.സി (1977) എന്നിവ പൂർത്തിയാക്കി 1998 ൽ ബംഗളൂരുവിലെ കാർഷിക ശാസ്ത്ര സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടി.
കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഐ.സി.എ.ആർ ഡയറക്ടർ ജനറൽ, നാഷനൽ അക്കാദമി ഓഫ് അഗ്രികൾചറൽ സയൻസസിന്റെ പ്രസിഡന്റ് തുടങ്ങിയ ഉന്നത പദവികളും അദ്ദേഹം വഹിച്ചു. സ്ഥാപന നിർമാണ സംരംഭങ്ങൾക്ക് പേരുകേട്ട അദ്ദേഹം നിരവധി ശാസ്ത്ര കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു, നിരവധി അംഗീകാരങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.