മംഗളൂരു: കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ ഗരുഡ ഗുണ്ട സംഘാംഗം ഇസ്ഹാഖിന് പൊലീസ് വെടിവെപ്പിൽ പരിക്കേറ്റു. ഹിരിയഡ്ക പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബംഗളൂരു പൊലീസ് കസ്റ്റഡിയിൽനിന്ന് നേരത്തെ രക്ഷപ്പെട്ട പ്രതിയെ കവർച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും പിടികൂടി കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.
രാവിലെ ഹാസൻ ജില്ലയിൽനിന്ന് ഇസ്ഹാഖിനെ പിടികൂടി മണിപ്പാലിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വാഹനം ഹിരിയഡ്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗുഡ്ഡെ അങ്ങാടി പ്രദേശത്ത് എത്തിയപ്പോൾ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായി പ്രതി വാഹനം നിർത്താൻ ആവശ്യപ്പെട്ടു. ഇതിനിടെ കൂടെയുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഇസ്ഹാഖ് അനുസരിച്ചില്ല. തുടർന്ന് മണിപ്പാൽ ഇൻസ്പെക്ടർ ദേവരാജും സംഘവും ആകാശത്തേക്ക് വെടിയുതിർത്തു. പ്രതി ചെറുത്തുനിൽപ്പ് തുടർന്നപ്പോൾ രക്ഷപ്പെടാതിരിക്കാൻ കാലിൽ വെടിവെച്ചതായി പൊലീസ് പറഞ്ഞു.
സംഘർഷത്തിൽ രണ്ട് പൊലീസ് സബ് ഇൻസ്പെക്ടർമാർക്കും കോൺസ്റ്റബിളിനും പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരോടൊപ്പം പ്രതിയെയും മണിപ്പാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്ഹാഖിനെതിരെ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.