ബംഗളൂരു: മുഡ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്കും നഗരവികസന മന്ത്രി ബൈരതി സുരേഷിനും നോട്ടീസ് നൽകിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി കർണാടക ഹൈകോടതി താൽക്കാലികമായി തടഞ്ഞു.
ഇരുവരുടെയും ഹരജി ഫെബ്രുവരി 10ന് വീണ്ടും പരിഗണിക്കും. ബൈരതി സുരേഷിനോട് തിങ്കളാഴ്ചയും ബി.എം. പാർവതിയോട് ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്.
മുഖ്യമന്ത്രിയുടെ ഭാര്യയോട് ഇത് രണ്ടാം തവണയാണ് ഇ.ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുന്നത്. പാർവതിയുടെ സഹോദരൻ മല്ലികാർജുന സ്വാമിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
അതേസമയം, കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ സ്നേഹമയി കൃഷ്ണ നൽകിയ ഹരജിയിൽ ഹൈകോടതിയിൽ വാദം പൂർത്തിയാക്കി കേസ് വിധി പറയുന്നതിനായി മാറ്റി.
തനിക്കെതിരായ കേസിൽ കഴിഞ്ഞ സെപ്റ്റംബർ 24ന് അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് എം. നാഗപ്രസന്നനയുടെ ഉത്തരവിനെതിരെ സിദ്ധരാമയ്യ സമർപ്പിച്ച ഹരജി കഴിഞ്ഞദിവസം ഹൈകോടതി മാർച്ച് 22 ലേക്ക് മാറ്റിവെച്ചിരുന്നു.
ലോകായുക്ത സംഗ്രഹ റിപ്പോർട്ട് സമർപ്പിച്ചു
ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ലോകായുക്ത അന്വേഷണ റിപ്പോർട്ടിന്‍റെ സംഗ്രഹം കർണാടക ഹൈകോടതിയിൽ സമർപ്പിച്ചു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി എന്നിവരടക്കം പ്രതിയായ കേസിൽ, അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പു പ്രകാരം 25ലേറെ പേരുടെ മൊഴികളടക്കമാണ് റിപ്പോർട്ട്.
ഹൈകോടതിയിലെ ധാർവാഡ് ബെഞ്ചിന് മുമ്പാകെ മൈസൂരു ലോകായുക്ത ഡിവൈ.എസ്.പി മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട ഓഡിയോ, വിഡിയോ, ഔദ്യോഗിക രേഖകൾ അടക്കമുള്ളവയാണ് റിപ്പോർട്ടിന്‍റെ ഉള്ളടക്കമെന്നാണ് വിവരം.
സമഗ്ര റിപ്പോർട്ട് വൈകാതെ സമർപ്പിച്ചേക്കും. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയുടെ പേരിലുണ്ടായിരുന്ന മൈസൂരു നഗരപ്രാന്തത്തിലെ 3.36 ഏക്കർ ഭൂമിക്ക് പകരം മൈസൂരു നഗരവികസന അതോറിറ്റി പൊന്നുംവിലയുള്ള സ്ഥലത്ത് 14 പ്ലോട്ടുകൾ നൽകിയെന്നതാണ് കേസ്. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.