ബംഗളൂരു: മുതിർന്ന നേതാവും തുമകുരു മുൻ എം.പിയുമായ എസ്.പി മുദ്ദെഹനുമ ഗൗഡയും മുൻ എം.എൽ.സി എം.ഡി ലക്ഷ്മിനാരായണയും കോൺഗ്രസ് വിട്ടു. പാർട്ടി വിടാൻ തീരുമാനിച്ചതായും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും കണ്ട് ഇക്കാര്യം അറിയിച്ചതായും മുദ്ദെഹനുമഗൗഡ പറഞ്ഞു. രാഷ്ട്രീയഭാവി സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കും.
നിയമസഭ തെരഞ്ഞെടുപ്പിൽ തുമകുരു കുനിഗൽ മണ്ഡലത്തിൽനിന്ന് മത്സരിക്കും. രാഷ്ട്രീയ ഭാവി മുന്നിൽക്കണ്ടാണ് കോൺഗ്രസ് വിടുന്നത്. പാർട്ടി നൽകിയതിലേറെ ഞാൻ പാർട്ടിക്ക് നൽകിയിട്ടുണ്ട്. 33 വർഷമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ട്. നാലു തവണ തന്നെ മാറ്റാനുള്ള ശ്രമം നടന്നു. പല രാഷ്ട്രീയ സംഭവവികാസങ്ങളും അതിനിടയിൽ നടന്നു. അവയിൽ പലതും എന്റെ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളാണ്. പാർട്ടിക്ക് ഔദ്യോഗിക രാജിക്കത്ത് വൈകാതെ കൈമാറും.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി-എസും സഖ്യധാരണയിലാണ് മത്സരിച്ചത്. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിറ്റിങ് എം.പിമാരിൽ സീറ്റ് നിഷേധിക്കപ്പെട്ട ഏക നേതാവ് മുദ്ദെഹനുമ ഗൗഡയായിരുന്നു. അദ്ദേഹത്തിന്റെ മണ്ഡലമായ തുമകുരു ജെ.ഡി-എസിന് നൽകി. ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ സിറ്റിങ് സീറ്റ് പേരമകൻ പ്രജ്വൽ രേവണ്ണക്ക് നൽകിയപ്പോൾ പകരം അദ്ദേഹം കോൺഗ്രസിനോട് ആവശ്യപ്പെട്ടത് ജയിക്കുമെന്ന് പ്രതീക്ഷയുള്ള തുമകുരു സീറ്റായിരുന്നു. എന്നാൽ, ജെ.ഡി-എസും കോൺഗ്രസും കർണാടകയിൽ ഓരോ സീറ്റിലൊതുങ്ങിപ്പോയ ആ തെരഞ്ഞെടുപ്പിൽ തുമകുരുവിൽ ദേവഗൗഡക്കും അടിതെറ്റി.
അന്ന് കോൺഗ്രസ് സ്ഥാനാർഥിയായും സ്വതന്ത്രനായും മുദ്ദെഹനുമഗൗഡ പത്രിക സമർപ്പിച്ചിരുന്നു. പിന്നീട് കോൺഗ്രസ് നേതാക്കൾ അനുനയിപ്പിച്ചതിനെ തുടർന്നാണ് പിൻവലിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് കുനിഗൽ. എച്ച്.ഡി. രംഗനാഥാണ് കുനിഗൽ എം.എൽ.എ. പരിചയസമ്പന്നനായ ഹനുമഗൗഡ മത്സരിച്ചാൽ അത് കോൺഗ്രസിന് ദോഷം ചെയ്തേക്കും.
നിയമനിർമാണ കൗൺസിൽ മുൻ അംഗം എം.ഡി. ലക്ഷ്മി നാരായണ കഴിഞ്ഞദിവസം കോൺഗ്രസ് അംഗത്വം രാജിവെച്ചു. പാർട്ടിയിൽ ഈയിടെ നടക്കുന്ന സംഭവവികാസങ്ങളിൽ തൃപ്തനല്ലെന്നാണ് അദ്ദേഹം രാജിക്കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. സെപ്റ്റംബർ ആദ്യവാരത്തിൽ അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്നാണ് വിവരം. മുമ്പ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേക്കേറിയതായിരുന്നു ലക്ഷ്മി നാരായണ. കഴിഞ്ഞദിവസം മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പയുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. കർണാടക കോൺഗ്രസിന്റെ ഒ.ബി.സി സെൽ തലവനായിരുന്നു അദ്ദേഹം. ലക്ഷ്മി നാരായണ ആം ആദ്മി പാർട്ടിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.