ബംഗളൂരു: ആശുപത്രിയിൽ കാത്തിരിക്കുന്ന രോഗിക്ക് നൽകാൻ ജീവനുളള ഒരു ഹൃദയവുമായാണ് വെളളിയാഴ്ച രാത്രി കർണാടകയുടെ നമ്മ മെട്രോ പാഞ്ഞത്. യശ്വന്ത്പൂർ മെട്രോസ്റ്റേഷനിൽനിന്നും സൗത്ത് പരേഡ് മെട്രോസ്റ്റേഷനിലേ അപ്പോളോ ആശുപത്രിയിലേക്കായിരുന്നു ആ യാത്ര.
ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് പറയുന്നത് പ്രകാരം, സ്പർശ് ആശുപത്രിയിൽനിന്നുളള മെഡിക്കൽ സംഘമാണ് അവയവവുമായി രാത്രി 11.01ന് യശ്വന്ത്പൂർ മെട്രോ സ്റ്റേഷനിൽ എത്തിയത്. മന്ത്രി സ്ക്വയർ സാംബിഗെ റോഡിൽ എത്തിച്ചേർന്നപ്പോൾ സമയം 11.21. വെറും 20 മിനിറ്റിനുളളിൽ ഏഴു സ്റ്റേഷനുകളാണ് മെട്രോ പിന്നിട്ടത്. വേഗത്തിലുളള യാത്രയിലൂടേ അവയവം കാലതാമസമില്ലാതെ അപ്പോളോ ആശുപത്രിയിൽ എത്തിക്കാനായെന്ന് മെട്രോ അധികൃതർ പറഞ്ഞു
അസിസ്റ്റന്‍റ് സെക്യൂരിറ്റി ഓഫിസർ ഹോൺ ഗൗഡയുടേ നേതൃത്വത്തിൽ മെഡിക്കൽ സംഘവും മെട്രോ ഉദ്യോഗസ്ഥരും ദൗത്യത്തിൽ പങ്കാളികളായി. വേഗത്തിലും സുരക്ഷിതമായും ഹൃദയം കൊണ്ടു പോകാൻ കഴിഞ്ഞുവെന്ന് കാട്ടി ബി.എം.ആർ.സി.എൽ വെളളിയാഴ്ച പ്രസ്താവന പുറത്തിറക്കി. ഇത്തരം ജീവൻ രക്ഷാദൗത്യങ്ങളെ ഇനിയും പിന്തുണക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
നമ്മ മെട്രോ വഴി ആദ്യമായല്ല അവയവം കൊണ്ടുപോകുന്നത്. ആഗസ്സ് ഒന്നിന് ഇത്തരത്തിൽ കരൾ കൊണ്ടുപോകുന്നതിനും മെട്രോ ഉപയോഗിച്ചിരുന്നു. ബംഗളൂരു പോലെയുളള മെട്രോപോളിറ്റൻ നഗരങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ ആവശ്യങ്ങൾക്കായി പൊതുഗതാഗത സംവിധാനങ്ങളും മെഡിക്കൽ സംവിധാനവും സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത ഇത് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.