ബംഗളൂരു: കശ്മീരിലെ പഹൽഗാമിൽ 26 പേർ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മോദി സർക്കാറിന്റെ സുരക്ഷാ വീഴ്ചയാണെന്ന ആരോപണം ആവർത്തിച്ച് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. കർണാടക സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിജയനഗര ഹൊസപേട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാം ആക്രമണത്തിനുമുമ്പ് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ യാത്ര റദ്ദാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘26 പേർ കൊല്ലപ്പെട്ടു. എന്നിട്ടും സുരക്ഷാ വീഴ്ചയെക്കുറിച്ച് മോദി ഒരക്ഷരം മിണ്ടുന്നില്ല. അദ്ദേഹത്തിന് ചെയ്യാനുള്ളതിനെ കുറിച്ചാണ് മോദി സംസാരിക്കുന്നത്. പഹൽഗാം ആക്രമണം സംബന്ധിച്ച് ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ഇപ്പോഴും സർക്കാർ ഉത്തരം പറഞ്ഞിട്ടില്ല. ഏപ്രിൽ 17ന് മോദി കശ്മീർ സന്ദർശിക്കേണ്ടതായിരുന്നു. എന്നാൽ, ഇന്റലിജൻസ് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി. അദ്ദേഹം യാത്ര റദ്ദാക്കി. എന്നാൽ, വിനോദസഞ്ചാരികൾക്ക് എന്തുകൊണ്ട് മുന്നറിയിപ്പ് നൽകിയില്ല? എന്തുകൊണ്ട് സുരക്ഷ വർധിപ്പിച്ചില്ല? ’’-ഖാർഗെ ചോദിച്ചു.
അതേസമയം, രാജ്യത്തെ എതിർക്കുന്നവർക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും മതവും ജാതിയുമൊക്കെ രാജ്യം കഴിഞ്ഞിട്ടേ കടന്നുവരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഓപറേഷൻ സിന്ദൂറിനുശേഷം വിവിധ രാജ്യങ്ങളിലേക്ക് എം.പിമാരെ അയക്കുന്നത് സംബന്ധിച്ച് സർക്കാർ ചർച്ച നടത്തിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് എം.പിയായ ശശി തരൂരിനെ യു.എസിലേക്ക് അയക്കാനുള്ള തീരുമാനത്തിൽ കോൺഗ്രസിനകത്ത് വിവാദമുയർന്ന പശ്ചാത്തലത്തിലാണ് ഖാർഗെയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.