ബംഗളൂരു: കർണാടകയിലുടനീളമുള്ള സ്കൂളുകളിലും കോളജുകളിലുമുള്ള മുസ്ലിം മത വിദ്യാര്‍ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കർണാടക സ്വാഗതം ചെയ്തു.
മുസ്ലിം പെൺകുട്ടികൾക്ക് ഭയമോ അനിശ്ചിതത്വമോ തടസ്സങ്ങളോ ഇല്ലാതെ അവരുടെ വിദ്യാഭ്യാസം തുടരാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് സംഘടന പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിജാബ് പ്രശ്നം നിരവധി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കുകയും കുടുംബങ്ങൾക്കിടയിൽ ആശങ്കയുളവാക്കുകയും ചെയ്തിരുന്നു. 2022 ഫെബ്രുവരി അഞ്ചിലെ ഉത്തരവ് പിൻവലിച്ചത് ഭരണഘടന സ്വാതന്ത്ര്യങ്ങൾ, വിദ്യാഭ്യാസ പ്രവേശനം, ഭരണഘടന പ്രകാരം ഉറപ്പുനൽകുന്ന മതപരമായ അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള പുതിയ ചുവടുവെപ്പായി കാണുന്നു.
മറ്റ് വിശ്വാസാധിഷ്ഠിത ചിഹ്നങ്ങൾക്കൊപ്പം ഹിജാബിനെ അംഗീകരിക്കുന്നത് ഇന്ത്യയുടെ ബഹുസ്വരതയെ ഉൾക്കൊള്ളുന്ന മനോഭാവം എടുത്തു കാണിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാര്‍ഥികൾക്ക് സുരക്ഷിതത്വവും ബഹുമാനവും ആത്മവിശ്വാസവും തോന്നുന്ന ഇടങ്ങളായി മാറണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കർണാടക പ്രസിഡന്റ് ഡോ. മുഹമ്മദ് സാദ് ബെൽഗാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.