പ്രതീകാത്മക ചിത്രം

ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ഊര്‍ജിതം

ബംഗളൂരു: കഗ്ഗലിപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ കനകപുര റോഡിൽ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം സഞ്ചരിച്ച വഴിയിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്ത സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസിയും (എൻ‌.ഐ‌.എ) മറ്റ് കേന്ദ്ര ഏജൻസികളും അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച രാവിലെയാണ് എൻ‌.ഐ‌.എ സംഘം ബംഗളൂരുവില്‍ എത്തിയത്. ബംഗളൂരു സൗത്ത് പൊലീസിൽ നിന്ന് സംഘം പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.

നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻ‌.എസ്‌.ജി), റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്‍റലിജൻസ് ഏജൻസികൾ, സംസ്ഥാന ഇന്‍റലിജൻസ് വകുപ്പ്, ഇന്‍റേണൽ സെക്യൂരിറ്റി ഡിവിഷൻ (ഐ‌.എസ്‌.ഡി) ഉദ്യോഗസ്ഥർ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലം പരിശോധിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്. പ്രധാനമന്ത്രിയുടെ നഗര സന്ദർശനത്തിന് മുമ്പ് പൊലീസിന് ലഭിച്ച വ്യാജ ഭീഷണി കോളും ഏജൻസികൾ അന്വേഷിക്കും. ജലാറ്റിൻ സ്റ്റിക്കുകൾ വെച്ചവരെ കണ്ടെത്താൻ പൊലീസ് വഴിയിലുടനീളമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കഗ്ഗലിപുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഞായറാഴ്ച ധ്യാൻ മന്ദിറിന്‍റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി മോദി എച്ച്.എ.എല്ലിലും ആർട്ട് ഓഫ് ലിവിങ് സെന്‍ററിലും സന്ദർശനം നടത്തിയിരുന്നു. എ.ഒ.എൽ സെന്‍ററിൽ എത്തുന്നതിനുമുമ്പാണ് ജലാറ്റിൻ സ്റ്റിക്കുകൾ അടങ്ങിയ പാക്കറ്റ് പൊലീസ് കോൺസ്റ്റബിൾ കണ്ടെത്തിയത്. ജെലാറ്റിൻ സ്റ്റിക്കുകളോടൊപ്പം, ഡിറ്റണേറ്ററുകൾ, ഇലക്ട്രോണിക് ടൈമർ സർക്യൂട്ട്, വയറുകൾ, കർപ്പൂരം, തീപ്പെട്ടി എന്നിവയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കണ്ടെടുത്ത വസ്തുക്കളുടെ കൃത്യമായ സ്വഭാവം, ഉത്ഭവം, ഉപയോഗം എന്നിവ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കഗ്ഗലിപുരയിലെ തത്തഗുനിക്ക് സമീപമാണ് സംശയാസ്പദമായ വസ്തുക്കൾ കണ്ടെടുത്തത്. ഇലക്ട്രോണിക് സർക്യൂട്ടിൽ തീയതിയും സമയവും രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഉണ്ട്. ഇത് പ്രവര്‍ത്തനക്ഷമമായിരുന്നുവെങ്കില്‍ സ്ഫോടനത്തിന് കാരണമാകുമായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവം നടന്ന ദിവസം കനകപുര റോഡിലെ വനപ്രദേശത്തിന് സമീപത്തു നിന്ന് സംശയാസ്പദമായ പൊതി കണ്ടെത്തുകയായിരുന്നു. റോഡിൽ നിന്ന് ഏകദേശം 20 അടി അകലെ വനമേഖലയിലെ കോമ്പൗണ്ടിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്നാണ് വസ്തുക്കൾ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും കേസ് എൻ.ഐ.എക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞിരുന്നു.

ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് സമീപം ബോംബ് വെച്ചതായി ലഭിച്ച ഫോൺ സന്ദേശവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോറമംഗലയില്‍ നിന്നും ലോഹിത് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ആളും കണ്ടെടുത്ത വസ്തുക്കളും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇയാൾ മാനസിക ബുദ്ധിമുട്ട് നേരിടുന്ന ആളാണെന്നും തടങ്കലിൽ ആണെന്നും ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. 

Tags:    
News Summary - Gelatin sticks found: Investigation intensifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.