ബംഗളൂരു: വിദ്യാർഥികളുടെ ബാഗിന്റെ ഭാരം സംബന്ധിച്ച സ്കൂൾ അധികൃതർക്ക് വിദ്യാഭ്യാസവകുപ്പ് പുതിയ നിർദേശങ്ങൾ നൽകി. ഈ അധ്യയന വർഷത്തെ ക്ലാസുകൾ തുടങ്ങി 15 ദിവസമായപ്പോഴാണ് ഇതുസംബന്ധിച്ച സർക്കുലർ അയച്ചിരിക്കുന്നത്. വിദ്യാർഥിയുടെ ശരീര ഭാരത്തിന്റെ 15 ശതമാനത്തിൽ അധികമാകരുത് സ്കൂൾ ബാഗിന്റെ ഭാരം. എല്ലാ സ്കൂളിലും ആഴ്ചയിലൊരിക്കൽ ‘ബാഗില്ലാദിവസം’ ആചരിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഇത് ശനിയാഴ്ചയാകുന്നതാണ് നല്ലത്. സ്കൂൾ ബാഗിന്റെ ഭാരം വിദ്യാർഥിയുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യത്തിൽ പഠനം നടത്താനായി സർക്കാർ ഡോ. വി.പി. നിരഞ്ജനാരാധ്യ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. 2018-19 ലാണ് കമ്മിറ്റി പഠനറിപ്പോർട്ട് സമർപ്പിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് സർക്കുലർ അയച്ചിരിക്കുന്നത്. സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് േബ്ലാക്ക് തല ഉദ്യോഗസ്ഥർ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൂൾ വിദ്യാർഥികൾ താങ്ങാനാകാത്ത ബാഗുകളും പുറത്തേറ്റി പോകുന്നത് സംസ്ഥാനത്തെ വിവിധയിടങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിൽ ചെറിയ കുട്ടികൾ വലിയ ഭാരം വഹിക്കുന്നത് അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. നടുവേദനയടക്കമുള്ളവ ചെറുപ്രായത്തിൽ വരാൻ ഇതിടയാക്കുന്നുണ്ട്. പല ഘട്ടത്തിലും സ്കൂൾ ബാഗുകളുടെ ഭാരം സംബന്ധിച്ച് അധികൃതർ നിർദേശം നൽകാറുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.
സ്വകാര്യ സ്കൂളുകൾ രാവിലെ എട്ടിന് മുമ്പ് ക്ലാസുകൾ തുടങ്ങരുതെന്ന് അടുത്തിടെ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകിയിരുന്നു. ചില സ്കൂളുകൾ രാവിലെ ഏഴിന് അധ്യയനം ആരംഭിക്കുന്നുണ്ട്. ഇതുമൂലം കുട്ടികൾക്ക് മതിയായ ഉറക്കം കിട്ടുന്നില്ല. ഇത് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നുവെന്ന പരാതിയിലാണ് നടപടി. എല്ലാ സ്കൂളുകളിലും അഞ്ചരമണിക്കൂർ നിർബന്ധമായും ക്ലാസുകൾ നടത്തേണ്ടതുണ്ടെന്നും നിർദേശമുണ്ട്. ഉദ്യോഗസ്ഥർ സ്കൂളുകൾ സന്ദർശിച്ച് ഇക്കാര്യങ്ങൾ ഉറപ്പാക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.