10.96 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു; മലയാളിയടക്കം ആറ് പേർ അറസ്റ്റിൽ
ബംഗളൂരു: 10.96 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. മലയാളിയടക്കം ആറ് പേർ അറസ്റ്റിൽ. ബംഗളൂരുവിൽ നടന്ന വിവിധ പരിശോധനകളിലായി 10.96 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പൊലീസ് പിടിച്ചെടുക്കുകയും വിദേശ പൗരന്മാർ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ്ങാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. ഗിരിനഗർ, ഹെബ്ബാൾ, വിദ്യാരണ്യപുര പൊലീസ് സ്റ്റേഷനുകളുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് ആകെ 5.480 കിലോഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ വിലക്ക് ലഹരിമരുന്ന് എത്തിച്ച് പൊതുജനങ്ങൾക്കും കോളജ് വിദ്യാര്‍ഥികൾക്കും ഉയർന്ന വിലക്ക് വിൽപന നടത്തി വരികയായിരുന്നു ഇവർ. ഗിരിനഗർ പൊലീസ് നടത്തിയ പരിശോധനയിൽ കേരളത്തിലെ കാസർകോട് സ്വദേശിയായ ജാഫർ (35), ദേവരാചിക്കനഹള്ളി സ്വദേശി ആഷിഖ് (32), നൈജീരിയൻ പൗരനായ ജോസിയ അബെൽ (26) എന്നിവർ അറസ്റ്റിലായി.
ഇവരിൽ നിന്ന് 4.32 കോടി രൂപ വിലമതിക്കുന്ന 4.320 കിലോ എം.ഡി.എം.എ പിടിച്ചെടുത്തു. താവരക്കരെയിൽ താമസിക്കുന്ന ഒഡിഷ സ്വദേശിനി ബനിത കരൺ (35) എന്ന യുവതിയെ ഹെബ്ബാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ടു കോടി രൂപയോളം വിലവരുന്ന 1.054 കിലോ എം.ഡി.എം.എ കണ്ടെടുത്തു.
വിദ്യാരണ്യപുര പൊലീസ് നടത്തിയ മറ്റൊരു റെയ്ഡിൽ 10.60 ലക്ഷം രൂപ വിലമതിക്കുന്ന 106 ഗ്രാം എം.ഡി.എം.എ കൂടി പിടിച്ചെടുത്തു. അറസ്റ്റിലായ ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ലഹരിമരുന്ന് എത്തിച്ചു നൽകിയ മറ്റ് സംഘാംഗങ്ങളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.