മോദി അമുൽ പാലിന്റെ വില കുറച്ചാൽ നന്ദിനിക്കും വില കുറക്കും; ഡി.കെ. ശിവകുമാർ

ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി അമുൽ പാലിന്റെ വില കുറക്കുകയാണെങ്കിൽ കർണാടകയിൽ നന്ദിനി പാലിന്റെ വിലയും കുറക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ക്ഷീരകർഷകരുടെ താൽപര്യം സംരക്ഷിക്കാനാണ് വില കൂട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. അമുൽ പാലിന് ലിറ്ററിന് 62 രൂപയോളം വിലയുള്ളപ്പോൾ നന്ദിനി പാലിന് അതിനേക്കാൾ കുറഞ്ഞ വിലയാണുള്ളതെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. അമുൽ ക്ഷീരകർഷകർക്ക് ലിറ്ററിന് 61-62 രൂപ നൽകുമ്പോൾ കർണാടകയിലെ കർഷകർക്ക് ലഭിക്കുന്നത് 54 രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

പശുക്കളെ വളർത്തുന്നതിനും പാൽ ഉൽപാദിപ്പിക്കുന്നതിനും കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെയാണ് ചിലർ വിലവർധനയെ വിമർശിക്കുന്നതെന്നും കൂട്ടിച്ചേർത്തു. നവംബർ ഒന്നുമുതലാണ് കർണാടകയിൽ നന്ദിനി പാലിന്റെ വില ലിറ്ററിന് എട്ട് രൂപ വർധിപ്പിച്ചത്. ഇതിൽ ഏഴ് രൂപ ക്ഷീരകർഷകർക്ക് നേരിട്ട് ലഭിക്കുമെന്നും ഒരു രൂപ പാൽ യൂനിയനുകളുടെ പ്രവർത്തനച്ചെലവുകൾക്കായി നീക്കിവെക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള അഞ്ച് രൂപ സർക്കാർ ഇൻസെന്റീവ് കൂടി ചേരുമ്പോൾ കർഷകർക്ക് ലിറ്ററിന് 47 രൂപ ലഭിക്കും.

സംസ്ഥാനത്തെ 25 ലക്ഷത്തോളം കർഷകർ ക്ഷീരോൽപാദക സഹകരണ സംഘങ്ങളിൽ അംഗങ്ങളാണെന്നും സഹകരണ മേഖലയാണ് കാർഷികമേഖലയുടെ നട്ടെല്ല്. നന്ദിനി പാലിന്റെ വിലവർധന കർഷകരുടെ വരുമാനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ നന്ദിനി പാലിന്റെ വിലവർധനക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനെ വിമർശിച്ച ശിവകുമാർ, ക്ഷീരകർഷകരുടെ പ്രയാസങ്ങൾ മനസ്സിലാക്കാതെയാണ് പ്രതിഷേധമെന്നും ആരോപിച്ചു.

Tags:    
News Summary - DK Shivakumar Nandini Milk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.