ജി.ബി.എ കോർപറേഷൻ തെരഞ്ഞെടുപ്പിൽ പഴയ വോട്ടർ പട്ടിക അനുമതി തേടി തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീം കോടതിയിൽ
ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിലുള്ള അഞ്ച് നഗര കോർപറേഷനുകളിലേക്ക് മുൻ വോട്ടർ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താൻ അനുമതി തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ (എസ്.ഇ.സി) സുപ്രീം കോടതിയെ സമീപിച്ചു. എസ്.ഐ.ആറിന് ശേഷം പൂർണമായ വോട്ടർ ഡാറ്റ ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായതായി കമിഷൻ ചൂണ്ടിക്കാട്ടി. 2026 ഏപ്രിൽ 18ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക തെരഞ്ഞെടുപ്പിനായി ഉപയോഗിക്കാൻ അനുമതി വേണമെന്നാണ് ആവശ്യം.
നേരത്തെയുള്ള വാർഡ് തിരിച്ചുള്ള വോട്ടർ പട്ടികകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി 2027 ജനുവരി 31 വരെ നീട്ടണമെന്നും എസ്.ഇ.സി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐ.ആറിനെ തുടർന്നുള്ള അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 27 ന് പ്രസിദ്ധീകരിച്ചെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഡാറ്റ ഇതുവരെ പൂർണമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കമിഷൻ ഹർജിയിൽ പറഞ്ഞു. വാർഡ് തിരിച്ചുള്ള വിഭജനം, മാപ്പിങ്, വെരിഫിക്കേഷൻ, വോട്ടർ പട്ടികകളുടെ പ്രസിദ്ധീകരണം എന്നിവക്ക് പൂർണമായ ഡാറ്റ ആവശ്യമാണെന്ന് കമീഷൻ പറഞ്ഞു. 2025 ഒക്ടോബർ ഒന്നിലെ വോട്ടർപട്ടിക ഉപയോഗിച്ച് കർണാടകയിലുടനീളമുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ എസ്.ഇ.സി കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.