കെ.പി.എസ്‌.സി പരീക്ഷ ഹാളുകളിൽ രണ്ട് ഇൻവിജിലേറ്റർമാർ; ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി

ബംഗളൂരു: കർണാടക പബ്ലിക് സർവിസ് കമീഷൻ (കെ.പി.എസ്‌.സി) 319 ഗസറ്റഡ് പ്രൊബേഷണർ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ ഞായറാഴ്ച നടക്കും.

പരീക്ഷ ക്രമക്കേടുകൾ തടയുന്നതിന്‍റെ ഭാഗമായി ഓരോ പരീക്ഷ ഹാളിലും രണ്ട് ഇൻവിജിലേറ്റർമാരെ നിയോഗിക്കും. ഇതിൽ ഒരാൾ സർക്കാർ കോളജിൽ നിന്നുള്ള ജീവനക്കാരനായിരിക്കണം. പരീക്ഷ ഒരുക്കങ്ങൾ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യാഴാഴ്ച ജില്ല കലക്ടർമാരുമായും പൊലീസ് മേധാവികളുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ വിലയിരുത്തി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ മാതൃകയിൽ പരീക്ഷ ജീവനക്കാർക്ക് പരിശീലനം നൽകാനും എല്ലാ കേന്ദ്രങ്ങളിലും സി.സി.ടി.വി നിരീക്ഷണം ഉറപ്പാക്കാനും നിർദേശിച്ചു.

പരീക്ഷ കേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകൾ അനുവദിക്കില്ല. ആധാർ അധിഷ്ഠിത തിരിച്ചറിയൽ പരിശോധനയും ഏർപ്പെടുത്താൻ ഇ-ഗവേണൻസ് വകുപ്പിനോട് നിർദേശിച്ചു. അഞ്ച് ഓപ്ഷനുകളുള്ള ഒ.എം.ആർ. സംവിധാനമാണ് ഇത്തവണ നടപ്പാക്കുന്നത്. ഉത്തരം അറിയാത്ത ചോദ്യങ്ങൾക്ക് അഞ്ചാമത്തെ ഓപ്ഷൻ നിർബന്ധമായും അടയാളപ്പെടുത്തണം. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. ഒ.എം.ആർ. ഷീറ്റിന് മൂന്ന് പകർപ്പുകളുണ്ടാകും. ഒരു പകർപ്പ് ഉദ്യോഗാർഥിക്ക് നൽകും. മറ്റുള്ളവ മൂല്യനിർണയത്തിനും സുരക്ഷിതമായി സൂക്ഷിക്കാനുമാണ്. പരീക്ഷാദിവസം തന്നെ സ്കാൻ ചെയ്ത ഒ.എം.ആർ. ഷീറ്റുകൾ കെ.പിഎസ്‌.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എല്ലാ കേന്ദ്രങ്ങളിലും മൊബൈൽ ജാമറുകളും സ്ഥാപിക്കും. 202 ഗ്രൂപ്പ് ബി, 117 ഗ്രൂപ്പ് എ ഉൾപ്പെടെ 319 തസ്തികകളിലേക്കാണ് പരീക്ഷ. 1,47,067 ഉദ്യോഗാർഥികൾ 15 ജില്ലകളിലെ 345 പരീക്ഷ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതും. ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്ന സ്വകാര്യ എയ്ഡഡ് കോളജുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - KPSC Gazetted Probationers Exam Guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.