ബൈക്ക് യാത്ര കുടക്-മൈസൂരു എംപി യദുവീർ
കൃഷ്ണ ദത്ത വൊഡയാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ബക്കിങ്ഹാം കൊട്ടാരം ലക്ഷ്യം; മൈസൂരുവിൽനിന്ന് ബൈക്ക് യാത്രികൻ
മൈസൂരു: മൈസൂരു കൊട്ടാരത്തിൽനിന്ന് റോഡുമാർഗം ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് അപൂർവ ബൈക്ക് യാത്രക്കൊരുങ്ങി യുവാവ്. മൈസൂരുവിലെ ബിസിനസുകാരനും കർണാടക ബൈക്ക് റൈഡ് ക്ലബ് അംഗവുമായ നാഗാർജുൻ അനന്ത ഭഗവാനാണ് 20,000ത്തിലേറെ കിലോമീറ്റർ പിന്നിടുന്ന ഈ സാഹസിക സോളോ ബൈക്ക് റൈഡിന് തുടക്കം കുറിച്ചത്.
നേപ്പാൾ, തിബത്ത്, ചൈന, കസാഖ്സ്താൻ, റഷ്യ, എസ്തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, ഹംഗറി, ക്രൊയേഷ്യ, സ്ലൊവേനിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ജർമനി, നെതർലാൻഡ്, ബെൽജിയം, ഫ്രാൻസ് തുടങ്ങി ഇരുപതോളം രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് നാഗാർജുൻ ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിൽ എത്തിച്ചേരുക. യാത്ര എന്നത് കേവലം ദൂരമോ സാഹസികതയോ മാത്രമല്ലെന്നും അനേകം മനുഷ്യരെ കണ്ടുമുട്ടാനും വ്യത്യസ്ത സംസ്കാരങ്ങൾ അടുത്തറിയാനും അതിർത്തികൾക്കപ്പുറം സൗഹൃദങ്ങൾ കെട്ടിപ്പടുക്കാനുമുള്ള അവസരമാണെന്നും നാഗാർജുന പറഞ്ഞു. നേരത്തെ വിവിധ രാജ്യങ്ങളിൽ സോളോ ബൈക്ക് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ദീർഘദൂര റോഡ് യാത്ര ഇതാദ്യമാണ്. മോട്ടോർ സൈക്കിൾ യാത്രയോട് അഭിനിവേശമുള്ളവരുടെ അന്താരാഷ്ട്ര സംഘടനയായ ‘ഇന്റർനാഷണൽ ഫെലോഷിപ്പ് ഓഫ് മോട്ടോർസൈക്ലിങ് റോട്ടേറിയൻസ്’ അംഗങ്ങളുമായി യാത്രയിലുടനീളം ബന്ധപ്പെടുമെന്ന് യുവാവ് അറിയിച്ചു. മൈസൂരു കൊട്ടാരത്തിന്റെ വടക്കേ കവാടത്തിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിനു മുന്നിൽ നടന്ന ചടങ്ങിൽ മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂരുവിലെ വിവിധ ബൈക്ക് റൈഡ് ക്ലബ്ബുകളിൽ നിന്നുള്ള റൈഡർമാരുടെ സംഘം ശ്രീരംഗപട്ടണം വരെ നാഗാർജുനയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.