ബംഗളൂരു: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഭക്ഷ്യ ഇൻസ്പെക്ടറെ സാഹസികമായി പിടികൂടി ലോകായുക്ത പൊലീസ്. നഗരത്തിലെ കെ.ജി സർക്കിളിലെ തഹസിൽദാർ ഓഫിസിൽ ജോലിചെയ്യുന്ന ഫുഡ് ഇൻസ്പെക്ടർ മഹന്തെ ഗൗഡയാണ് 43,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്തയുടെ വലയിലായത്. അഴിമതി വിരുദ്ധ സ്ക്വാഡ് ഒരുക്കിയ കെണി തിരിച്ചറിഞ്ഞ പ്രതി സംഭവസ്ഥലത്തുനിന്ന് കാറിൽ രക്ഷപ്പെട്ടു. ലോകായുക്ത ഉദ്യോഗസ്ഥൻ ഗൗഡയെ 15 കിലോമീറ്റർ വാഹനത്തിൽ പിന്തുടർന്നു പിടികൂടി.
രംഗദയമ്മ എന്നവർക്ക് ട്രേഡ് ലൈസൻസ് നൽകാൻ ഫുഡ് ഇൻസ്പെക്ടർ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെ പരാതിക്കാരി അധികൃതരെ സമീപിക്കുകയായിരുന്നു. ആദ്യ ഗഡുവായി പരാതിക്കാരി 43,000 രൂപ മഹന്തേ ഗൗഡക്ക് നൽകി. കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത സംഭവസ്ഥലത്തെത്തി കുടുക്കുകയായിരുന്നു. താൻ കുഴപ്പത്തിലാണെന്ന് മനസ്സിലാക്കിയ ഇയാൾ കാറിൽ ഓടി രക്ഷപ്പെട്ടു.
ഒടുവിൽ നെലമംഗലക്കടുത്തുള്ള സോണ്ടെക്കൊപ്പ ഗ്രാമത്തിൽ െവച്ചാണ് ഇയാളെ പിടികൂടിയത്. ലോകായുക്ത ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തെ ഇടിപ്പിച്ച് അപകടംവരുത്താൻ ശ്രമിച്ചതിനും പ്രതിക്കെതിരെ കേസെടുത്തു. നെലമംഗല ടൗൺ പൊലീസാണ് കേസെടുത്തത്. ലോകായുക്ത സംഘം മഹന്തേ ഗൗഡയെ ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.