ബി.ജെ.പി കർണാടക സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു
ബംഗളൂരു: പുതിയ വൈസ് പ്രസിഡന്റുമാരെയടക്കം ഉൾപ്പെടുത്തി കർണാടക ബി.ജെ.പി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കഴിഞ്ഞ മാസം ബി.വൈ. വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തിരുന്നെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലടക്കം തീരുമാനമായിരുന്നില്ല. ഈ പട്ടികക്ക് ശനിയാഴ്ച ദേശീയ കമ്മിറ്റി അംഗീകാരം നൽകി.
മുൻമന്ത്രിമാരായ മുരുകേഷ് നിറാനിയും ബൈരതി ബസവരാജും വൈസ് പ്രസിഡന്റുമാരാണ്. 2019ൽ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യ സർക്കാറിനെ വീഴ്ത്തിയ ഓപറേഷൻ താമരയിൽ ബി.ജെ.പിയിലേക്ക് വന്നയാളാണ് കെ.ആർ പുരം എം.എൽ.എയായ ബൈരതി ബസവരാജ്. 2018 നിയമസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പിക്കുവേണ്ടി കർണാടകയിൽ ചരിത്രം കുറിച്ച് അക്കൗണ്ട് തുറക്കുകയും പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയും ചെയ്ത ദലിത് നേതാവ് എൻ. മഹേഷിനും സ്ഥാനം ലഭിച്ചു. രാജു ഗൗഡ, അനിൽ ബനാകെ, ഹർതാൽ ഹാലപ്പ, രൂപാലി നായ്ക്, ബസവരാജ് കെൽഗാർ, മാളവിക അവിനാഷ്, എം. രാജേന്ദ്ര എന്നിവരാണ് മറ്റു വൈസ് പ്രസിഡന്റുമാർ.
മുൻ മന്ത്രി വി. സുനിൽകുമാർ, പി. രാജീവ്, നന്ദീഷ് റെഡ്ഡി, പ്രീതം ഗൗഡ എന്നിവരെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായി നിയമിച്ചു. പാർട്ടി സെക്രട്ടറിമാരായി 10 പേരെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റായി സി. മഞ്ജുളയെയും യുവമോർച്ച പ്രസിഡന്റായി ധീരജ് മുനിരാജുവിനെയും നിയമിച്ചു. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെയും, മകനും സംസ്ഥാന അധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്രയുടെയും അനുയായികൾക്കാണ് സംസ്ഥാന കമ്മിറ്റിയിൽ കൂടുതലും ഇടം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.