ബംഗളൂരു: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശിയെ ബംഗളൂരു പൊലീസ് അറസ്റ്റുചെയ്തു. ബൊമ്മസാന്ദ്ര വാബസാന്ദ്രക്ക് സമീപം നഞ്ചറെഡ്ഡി ലേഔട്ടിലാണ് സംഭവം. ഒഡിഷ സ്വദേശിനി ബർസപ്രിയ ദർശിനി (21) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സോഹൻ കുമാർ (26) അറസ്റ്റിലായി. സഞ്ജയ് യാദവ് എന്നയാളുടെ കെട്ടിടത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് കുടുംബം ബൊമ്മസാന്ദ്രയിലെത്തിയത്. ബർസപ്രിയ ദർശിനിയെ സോഹൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് കെട്ടിട ഉടമയുടെ ഭാര്യ എത്തിയപ്പോൾ സോഹൻ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ജിഗനി പൊലീസ് അന്വേഷണം ആരംഭിച്ചു.
തമിഴ്നാട്ടിൽവെച്ച് കണ്ടുമുട്ടിയ ബർസപ്രിയയും സോഹനും മൂന്നു വർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണെന്ന് ബിഹാർ സ്വദേശിയായ അയൽവാസി സേന്താഷ് പൊലീസിനോട് പറഞ്ഞു. വിവാഹശേഷം സോഹന്റെ വീട്ടിലെത്തിയ യുവതിയെ സ്വീകരിക്കാൻ സോഹന്റെ കുടുംബം തയാറായിരുന്നില്ല. തുടർന്ന് പെൺകുട്ടി ഒഡിഷയിലേക്ക് മടങ്ങി. രണ്ടു വർഷംമുമ്പ് സോഹൻ ബംഗളൂരുവിലെത്തി.
ആ സമയം ബർസപ്രിയ ഗർഭിണിയായിരുന്നു. എന്നാൽ, ഗർഭിണിയായിരിക്കെയും പ്രസവശേഷവും സോഹൻ ഇവരെ നോക്കിയിരുന്നില്ല. മറ്റൊരു വിവാഹത്തിന് ബർസപ്രിയയെ മാതാപിതാക്കൾ പ്രേരിപ്പിച്ചെങ്കിലും പെൺകുട്ടി സമ്മതിച്ചില്ല. സോഹന്റെ കൂടെയേ ജീവിക്കൂ എന്ന് നിർബന്ധം പിടിച്ചു. തുടർന്ന് സോഹന്റെ അടുക്കലെത്തിയ ബർസപ്രിയയെ കാത്തിരുന്നത് ദാരുണ അന്ത്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.