1975 ഒക്ടോബർ 10ന് റിലീസായ ‘സത്യത്തിന്റെ നിഴലിൽ’ എന്ന ചിത്രത്തിന്റെ പേര് ചിത്രം സെൻസർ ചെയ്യപ്പെടുന്നതുവരെ ‘സത്യമേവ ജയതേ’ എന്നായിരുന്നു. അതുകൊണ്ട് ഈ സിനിമയിലെ പാട്ടുകളുടെ ഗ്രാമഫോൺ ഡിസ്‌കുകൾ ആ പേരിലാണ് പുറത്തിറങ്ങിയത്. ചിത്രം കണ്ട അക്കാലത്തെ സെൻസർ ബോർഡ് അംഗങ്ങൾ ‘സത്യമേവ ജയതേ’ എന്ന പേര് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ സിനിമയുടെ പേര് മാറ്റാൻ ബന്ധപ്പെട്ടവർ നിർബന്ധിതരായി –സംഗീതയാത്ര തുടരുന്നു.
‘രാഗം’ എന്ന വർണചിത്രം റിലീസ് ചെയ്‌ത 1975 ഒക്ടോബർ രണ്ടിനു തന്നെ ‘തിരുവോണം’ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും തിയറ്ററുകളിൽ എത്തി. ഒരു വർണചിത്രത്തിനെതിരെ പിടിച്ചുനിൽക്കാൻ ഒരു കറുപ്പും വെളുപ്പും ചിത്രത്തിന് പ്രയാസമാണ്. പ്രത്യേകിച്ചും വർണസിനിമകൾ അപൂർവമായി മാത്രം നിർമിക്കപ്പെട്ടിരുന്ന അക്കാലത്ത്. എന്നാൽ, കെ.പി. മോഹൻ ‘വന്ദന’യുടെ ബാനറിൽ നിർമിച്ച ‘തിരുവോണം’ എന്ന സിനിമയെ ജനങ്ങൾ സ്വീകരിച്ചു. ‘രാഗ’ത്തിലെന്നപോലെ ‘തിരുവോണം’ എന്ന സിനിമയിലും പാട്ടുകൾ ഉയർന്ന നിലവാരം പുലർത്തി. പ്രേംനസീറും കമൽഹാസനും ഒരുമിച്ചഭിനയിച്ച ഒരേയൊരു സിനിമയാണ് ‘തിരുവോണം’ എന്നതും ശ്രദ്ധേയം. പ്രേംനസീർ, ശാരദ, കമൽഹാസൻ, ജയസുധ, എം.ജി. സോമൻ, സുജാത, കെ.പി. ഉമ്മർ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, സുരാസു, കൊച്ചിൻ ഹനീഫ തുടങ്ങിയവരോടൊപ്പം സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയും ഈ ചിത്രത്തിൽ അഭിനയിച്ചു.
കൊച്ചിൻ ഹനീഫയുടെ ആദ്യകാല സിനിമകളിലൊന്നായിരുന്നു ‘തിരുവോണം’. അടൂർ ഭാസിയുടെ മൂത്ത സഹോദരനായ ചന്ദ്രാജി ഈ സിനിമയിൽ പ്രധാന വില്ലനായി പ്രത്യക്ഷപ്പെട്ടു. സത്യസന്ധനായ ഒരു ഇൻകം ടാക്സ് കമീഷണറുടെ വേഷമാണ് കെ.പി. ഉമ്മർ അഭിനയിച്ചത്. കഥയും തിരനാടകവും സംഭാഷണവും എഴുതി ശ്രീകുമാരൻ തമ്പി ‘തിരുവോണം’ സംവിധാനംചെയ്തു. ശ്രീകുമാരൻ തമ്പി-അർജുനൻ ടീമിന്റെ ഗാനങ്ങളിൽ ഏറെയും സൂപ്പർഹിറ്റുകളായി. വാണിജയറാം മലയാളത്തിൽ പാടിയ മൂന്നാമത്തെ ഗാനമായ ‘‘തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി...’’' എന്ന ഗാനം ഈ സിനിമയിലുള്ളതാണ്.
‘‘തിരുവോണപ്പുലരി തൻ/ തിരുമുൽക്കാഴ്ച വാങ്ങാൻ/ തിരുമുറ്റമണിഞ്ഞൊരുങ്ങി/ തിരുമേനിയെഴുന്നള്ളും സമയമായി/ ഹൃദയങ്ങൾ അണിഞ്ഞൊരുങ്ങി –ഒരുങ്ങി/ ഹൃദയങ്ങളണിഞ്ഞൊരുങ്ങി...’’ എന്ന പല്ലവി കേട്ടിട്ടില്ലാത്ത മലയാളികൾ കുറവായിരിക്കും.
ഉത്രാടപ്പൂക്കുന്നിൻ ഉച്ചിയിൽ പൊൻവെയിൽ/ ഇത്തിരി പൊന്നുരുക്കി/ ഓണമുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നു/ കോമളബാലനാം ഓണക്കിളി... ഓണക്കിളി... ഓണക്കിളി ’’എന്നിങ്ങനെ തുടരുന്ന ഈ ഗാനം ഒരു പ്രാവശ്യമെങ്കിലും കേൾക്കാതെ മലയാളികളുടെ തിരുവോണം കടന്നുപോകാറില്ല.
യേശുദാസ് ഈ ചിത്രത്തിനുവേണ്ടി മൂന്നു ഗാനങ്ങൾ ആലപിച്ചു. മൂന്നും ശ്രദ്ധേയങ്ങളായി. ‘‘എത്ര സുന്ദരി എത്ര പ്രിയങ്കരി/ എന്റെ ഹൃദയേശ്വരി/ ജന്മാന്തരങ്ങളിലൂടെ ഞാൻ നേടിയ/കർമധീരയാം പ്രാണേശ്വരി...’’ എന്നു തുടങ്ങുന്ന ഗാനവും ആ ത്രിസന്ധ്യ തൻ അനഘമുദ്രകൾ/ ആരോമലേ നാം മറക്കുവതെങ്ങിനെ/ ആദ്യ സമാഗമ നിമിഷ സ്‌പന്ദം/ ആത്മപ്രിയേ നാം മറക്കുവതെങ്ങിനെ..?/ പാടല പശ്ചിമവ്യോമഹൃദന്തം/ പാടി വിടർത്തിയ താരകമല്ലിക/ ആലിംഗന സുഖകഥ പറഞ്ഞൊഴുകും/ആകാശമേഘതരംഗാവലികൾ’’ എന്നിങ്ങനെ തുടരുന്ന രാഗമാലികയും ‘‘കാറ്റിന്റെ വഞ്ചിയില് ഞാറ്റുവേലപ്പെണ്ണുണ്ട്/ ഞാറ്റുവേലപ്പെണ്ണിൻ കയ്യിൽ കസ്തൂരിക്കൂട്ടുണ്ട്/ കർപ്പൂരച്ചെപ്പുണ്ട്...’’ എന്നിങ്ങനെ ആരംഭിക്കുന്ന തോണിക്കാരന്റെ പാട്ടും യേശുദാസിന്റെ ശബ്ദത്തിൽ അവിസ്മരണീയങ്ങളായി. ‘‘ആ ത്രിസന്ധ്യതൻ അനഘമുദ്രകൾ...’’ എന്നു തുടങ്ങുന്ന ഗാനം അമേരിക്കൻ മലയാളിയായ മാധവൻകുട്ടി വാരിയത്ത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ജയചന്ദ്രൻ പാടിയ ‘‘താരം തുടിച്ചു... നീലവാനം ചിരിച്ചു...’’ എന്നാരംഭിക്കുന്ന ഗാനത്തിൽ കമൽഹാസനും ജയസുധയും ചേർന്നുള്ള നൃത്തമാണ് ചിത്രീകരിക്കപ്പെടുന്നത്. കമൽഹാസൻ ഈ ചിത്രത്തിൽ ഇരുപതുകാരനായ ഒരു പോപ്പ് ഗായകന്റെ വേഷമാണ് ചെയ്തിട്ടുള്ളത് (അപ്പോൾ കമൽഹാസന്റെ പ്രായവും ഇരുപതു വയസ്സായിരുന്നു.) അയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാവാണ്. അങ്ങനെ 1975ൽതന്നെ മലയാള സിനിമയിൽ മയക്കുമരുന്നിന്റെ കെടുതികൾ വിഷയമായി.
‘‘താരം തുടിച്ചു നീലവാനം ചിരിച്ചു/ മേലേ മേലേ മേലേ മേലേ/ ഭൂമി കോരിത്തരിച്ചു/ തെന്നൽ പാടിത്തകർത്തു/ നിഴൽ ആടിത്തിമിർത്തു/ താഴേ താഴേ... താഴേ താഴേ...’’ എന്ന ഗാനവും കമൽഹാസനും ജയസുധയും ചെയ്ത നൃത്തവും ആകർഷകമായിരുന്നു. ഗാനത്തിലെ വരികൾ ഇങ്ങനെ തുടരുന്നു.
‘‘ആ നല്ല രാവിൽ ആയിരം പൂക്കൾ/ ആരോമലേ നിന്റെ മേനിയിൽ പൂത്തു/ ആ കുളിർമാലകൾ ഞാൻ ചാർത്തിയപ്പോൾ/ ആയിരം പതിനായിരങ്ങളായ് തീർന്നു...’’
ജയചന്ദ്രനും മാധുരിയും ചേർന്ന് പാടിയ ‘‘പച്ചനെല്ലിൻ കതിരു കൊത്തിപ്പ റക്കും പൊൻകിളിത്തത്തേ...’’ എന്നാരംഭിക്കുന്ന നാടൻപാട്ടും ഒരു നൃത്തമായിരുന്നു. ‘ശങ്കരാഭരണം’ എന്ന സിനിമയിലൂടെ പിൽക്കാലത്ത് പ്രശസ്തയായിത്തീർന്ന മഞ്ജുഭാർഗവി എന്ന തെലുഗു നടിയാണ് ഈ നൃത്തരംഗത്തിൽ അഭിനയിച്ചത്.
1975 ഒക്ടോബർ 10ന് റിലീസായ ‘സത്യത്തിന്റെ നിഴലിൽ ’ എന്ന ചിത്രത്തിന്റെ പേര് ചിത്രം സെൻസർ ചെയ്യപ്പെടുന്നതുവരെ ‘സത്യമേവ ജയതേ’ എന്നായിരുന്നു. അതുകൊണ്ട് ഈ സിനിമയിലെ പാട്ടുകളുടെ ഗ്രാമഫോൺ ഡിസ്‌കുകൾ ആ പേരിലാണ് പുറത്തിറങ്ങിയത്. ചിത്രം കണ്ട അക്കാലത്തെ സെൻസർ ബോർഡ് അംഗങ്ങൾ ‘സത്യമേവ ജയതേ’ എന്ന പേര് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ സിനിമയുടെ പേര് ‘സത്യത്തിന്റെ നിഴലിൽ’ എന്ന് മാറ്റാൻ ബന്ധപ്പെട്ടവർ നിർബന്ധിതരായി. (വർഷങ്ങൾക്കു ശേഷം സെൻസർബോർഡിന്റെ അനുവാദത്തോടെ ‘സത്യമേവ ജയതേ’ എന്ന പേരിൽതന്നെ മറ്റൊരു സിനിമ പുറത്തുവന്നു എന്നതും ചിന്തനീയം.)
ഹരിറാം മൂവീസിനുവേണ്ടി പ്രേമഷൺമുഖം നിർമിച്ച ഈ സിനിമക്ക് ആധാരമായത് പി. ഷൺമുഖം എഴുതിയ കഥയാണ്. ബാബു നന്ദൻകോട് സംവിധാനംചെയ്‌ത സിനിമക്ക് ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവും പാട്ടുകളും എഴുതി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു. സുധീർ നായകനും ഉഷാനന്ദിനി നായികയുമായി. തിക്കുറിശ്ശി, കെ.പി. ഉമ്മർ, ജനാർദനൻ, ബഹദൂർ, ആറന്മുള പൊന്നമ്മ, മണവാളൻ ജോസഫ്, കുതിരവട്ടം പപ്പു, കുഞ്ചൻ, ഫിലോമിന, ശ്രീലത, ഉഷാറാണി, സരസ്വതി, ബേബി ഇന്ദിര തുടങ്ങിയവർ അഭിനയിച്ചു. യേശുദാസ്, പി. സുശീല, അമ്പിളി എന്നിവർ പിന്നണിയിൽ പാടി.
യേശുദാസ് പാടിയ ‘‘ഞാനുമിന്നൊരു ദുഷ്യന്തനായി...’’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ പല്ലവി ഇങ്ങനെ: ‘‘ഞാനുമിന്നൊരു ദുഷ്യന്തനായി/ പ്രേമവല്ലരീമധുപനായി/ എന്റെ ശകുന്തള കന്യകയല്ല/ എന്റെ നായാട്ടു കൊടുംകാട്ടിലല്ല.’’ ആദ്യചരണം ഇങ്ങനെ: ‘‘അരയിലും മാറിലും നൂലിഴ ചുറ്റി/ അഴകിൻ നിറകുടമായവൾ ആടും/ അവളുടെ താളം അനുകരിച്ചാടാൻ/ അനസൂയമാരെത്ര/ പ്രിയംവദമാരെത്ര...’’ യേശുദാസ് പാടിയ രണ്ടാമത്തെ ഗാനവും ജനശ്രദ്ധ നേടി.
‘‘സ്വർഗത്തിലുള്ളൊരു പൊന്നമ്പലത്തിലെ/ സ്വർണച്ചിറകുള്ള പക്ഷി/ നന്ദനവാടിയിൽ പാറിപ്പറക്കുന്ന/ നല്ല ഗുണമുള്ള പക്ഷി/ സത്യമെന്നാളുകൾ പേരിട്ടു –അതു/ സൽക്കാരങ്ങളാൽ ക്ഷീണിച്ചു...’’ എന്നിങ്ങനെ തുടങ്ങുന്നു ഈ ഗാനം. യേശുദാസ് ആലപിച്ച മൂന്നാമത്തെ ഗാനം ഒരു യുഗ്മ ഗാനമാണ്. ഗായിക അമ്പിളിയാണ് യേശുദാസിനോടൊപ്പം പാടിയത്. ഗാനം ഇങ്ങനെ ആരംഭിക്കുന്നു.
‘‘സ്വർണമല്ലി പുഷ്പവനത്തിൽ/ വർണദേവത പോലെ/ അന്നൊരു പുലരിയിൽ ഓമന നിന്നു/ അഞ്ജനമിഴികളുമായി’’ എന്ന് പല്ലവി. ഗാനം ഇങ്ങനെ തുടരുന്നു: ‘‘രാത്രിയിലൊളിവിൽ വാനം പൂകിയ/ പൂനിലാവിൻ ചേല/ മണ്ണിൽ മറന്നു കളഞ്ഞൊരു നൂലിഴ/ നിന്നധരം ചിരിയാക്കി/ നിൻ ചിരി കണ്ടു തളിർത്തു പൂവനം/നിൻ മേനി കണ്ടു തരിച്ചു മാധവം...’’ വരികൾ പാടുന്നത് യേശുദാസാണ്. അമ്പിളിക്ക് ഹമ്മിങ് മാത്രമേയുള്ളൂ.
പി. സുശീല പാടിയ പാട്ടിന്റെ പല്ലവിയിങ്ങനെ: ‘‘കാലദേവത തന്ന വീണയിൽ/ കനകം കെട്ടിയ ഭാവനേ/ മധുരമോഹ തരംഗ തന്ത്രികൾ/ മൗനം മൂടിയതെങ്ങിനെ.../ രാഗമോ അനുരാഗമോ -ഇതു/ പ്രാണസംഗമ നിദ്രയോ..?’’ ‘സത്യത്തിന്റെ നിഴലിൽ’ എന്ന സിനിമയിലെ അഭിനയത്തിന്റെ പേരിൽ സുധീറിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കഥ പുതുമയുള്ളതായിരുന്നെങ്കിലും ചിത്രത്തിന് സാമ്പത്തികമായി ശരാശരി വിജയം നേടാനേ കഴിഞ്ഞുള്ളൂ.
മഞ്ഞിലാസിനുവേണ്ടി എം.ഒ. ജോസഫ് നിർമിച്ച സിനിമയാണ് ‘മക്കൾ’. കെ.എസ്. സേതുമാധവൻ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ കഥ ഇ.പി. കുര്യൻ എഴുതി. പാറപ്പുറത്ത് സംഭാഷണം രചിച്ചു. വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. രാജ്ബാൽ ദേവരാജ് എന്നയാളും ഒരു ഗാനം എഴുതി. അത് ഹിന്ദി ഗാനമാണ്. യേശുദാസ്, ജയചന്ദ്രൻ, മാധുരി, വാണി ജയറാം, ശ്രീകാന്ത്, സി.ഒ. ആന്റോ എന്നിവരാണ് പിന്നണിയിൽ പാടിയത്. യേശുദാസ് പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു:
‘‘ശ്രീരംഗപട്ടണത്തിൽ/ ശിൽപ കലാഗോപുരത്തിൽ/ ശ്രീമംഗലപ്പക്ഷി നീ വന്നു -നിന്റെ/ പുഷ്പപ്രദർശനശാലയിൽനിന്നൊരു/ പൂമൊട്ടെനിക്കു തന്നു...’’
ജയചന്ദ്രൻ, ആന്റോ, ശ്രീകാന്ത് എന്നിവർ ചേർന്ന് ആലപിച്ച ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം/ ഏകനായിരിക്കാതെ സ്ത്രീ വേണം കൂട്ടിനെന്ന്/ നിദ്രയിൽ ആദത്തിന്റെ അസ്ഥിയിലൊന്നെടുത്ത്/ സ്ത്രീയാക്കി ചമച്ചവൻ ഹവ്വയെന്നു പേരുമിട്ടു...’’
എന്നു തുടങ്ങി ആദത്തിന്റെയും ഹവ്വയുടെയും കഥ പറയുന്നു. ഇതിനിടയിൽ സൃഷ്ടിയെക്കുറിച്ചുള്ള ഹൈന്ദവദർശനവും കൊണ്ടുവരുന്നു; രസകരമായ രീതിയിൽ.
‘‘ആദത്തെ സൃഷ്ടിച്ച നിൻ ദൈവത്തെ സൃഷ്ടിച്ചത്/ വേദങ്ങൾ വീണ്ടെടുത്ത വൈകുണ്ഠനാഥനല്ലോ/ പൊക്കിളിൻ പൂവിനുള്ളിൽ ബ്രഹ്മാവെ വളർത്തുന്ന/ പാൽക്കടലിൽ പള്ളികൊള്ളും ശ്രീപത്മനാഭനല്ലോ...’’ അതിനുള്ള ക്രിസ്‌തുപക്ഷ മറുപടിയിങ്ങനെ: ‘‘അത് നിങ്ങടെ വേദം ഇത് ഞങ്ങടെ വേദം/ ആദത്തെ വഞ്ചിപ്പാനായ് സാത്താനൊരു സൂത്രമെടുത്തു’’ എന്നിങ്ങനെ സാത്താൻ ചെയ്ത കാര്യങ്ങൾ പറയുന്നു. ഹിന്ദുപക്ഷത്തിന്റെ മറുപടിയിൽ അവരുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നു.
‘‘സാത്താനെ വഞ്ചിപ്പാനായ് വിഷ്ണുവുമൊരു സൂത്രമെടുത്തു
സർപ്പത്തെ പിടിച്ചവൻ പാൽക്കടലിൽ മെത്തയാക്കി. മീനായും ആമയായും പത്തവതാരംചെയ്തും/ പാപികളെ നിഗ്രഹിച്ചും ഞങ്ങളെ രക്ഷിച്ചു...’’ ഇരു ദർശനങ്ങൾക്കും ദോഷം വരാത്ത മട്ടിലാണ് വയലാർ ഗാനം എഴുതിയിരിക്കുന്നത്. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാധുരി പാടിയ ‘‘ചെല്ലം ചെല്ലം ചാഞ്ചക്കം...’’ എന്ന പാട്ട് കുട്ടിയെ ലാളിക്കുന്നതാണ്.
‘‘ചെല്ലം ചെല്ലം ചാഞ്ചക്കം/ ചെപ്പടിമുത്തേ ചാഞ്ചക്കം/ ചെഞ്ചുണ്ടിതളിൽ ചെറുതേനുതിരും/ ചക്കരയുമ്മക്ക് ചാഞ്ചക്കം കിളി ചാഞ്ചക്കം...’’ ഗാനത്തിലെ തുടർന്നുള്ള വരികളും ഏറെ ലളിതം; ഏറെ മനോഹരം.
‘‘മുത്തശ്ശിയമ്മേടെ മുറുക്കി ചുവപ്പിച്ച/ മുത്തം വാങ്ങാനോ/ മുത്തശ്ശൻ കുലുക്കുന്ന കുടവയറിന്മേൽ/ നൃത്തംവയ്ക്കാനോ/ തുള്ളാട്ടം നിന്റെ തുള്ളാട്ടം ഈ/ തങ്കപ്പാവ കുതിരപ്പുറത്തു നിൻ/തുള്ളാട്ടം തുള്ളാട്ടം...’’
രാജ്ബാൽ രചിച്ച ഹിന്ദിഗാനം വാണി ജയറാമും സംഘവുമാണ് പാടിയത്. ‘‘രാം ബനായെ...’’ എന്നു തുടങ്ങുന്നു ഈ ഗാനം.
എം.ജി. സോമൻ, വിൻെസന്റ്, ജയഭാരതി, കവിയൂർ പൊന്നമ്മ, സുകുമാരി, അടൂർ ഭാസി, ബഹദൂർ, ജോസ് പ്രകാശ്, ശങ്കരാടി, സതീഷ് സത്യൻ, മല്ലിക സുകുമാരൻ, വള്ളത്തോൾ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ച ‘മക്കൾ’ മഞ്ഞിലാസ് ചെലവ് ചുരുക്കിയെടുത്ത ചിത്രമാണ്.
‘സത്യത്തിന്റെ നിഴലിൽ’ എന്ന ചിത്രം പുറത്തുവന്ന 1975 ഒക്ടോബർ 10നാണ് ‘മക്കൾ’ എന്ന ചിത്രവും പുറത്തുവന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.