കത്തിനശിക്കുന്നത് അമൂല്യ ജൈവസമ്പത്ത് ; നിസ്സംഗതയോടെ കര്‍ണാടക

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക വനമേഖലയിലുണ്ടായ കാട്ടുതീ ആയിരക്കണക്കിന് ഏക്കര്‍ വനം ചുട്ടെരിക്കുമ്പോള്‍ തല്ലിയും വെള്ളമൊഴിച്ചും തീ കെടുത്താന്‍ പെടാപ്പാട് പെടുകയാണ് വനപാലകര്‍. ഭയാനകമായി രീതിയില്‍ തീ പടര്‍ന്നിട്ടും അണക്കുന്നതിന് കാര്യമായൊന്നും ചെയ്യാതെ നിസ്സംഗമനോഭാവത്തില്‍തന്നെയാണ് കര്‍ണാടക സര്‍ക്കാര്‍. വയനാട് വന്യജീവി സങ്കേതത്തിലേക്ക് ഇതുവരെ തീ പടരാതെ കാത്തത് ഇവിടത്തെ വനപാലകരുടെ സമയോചിത ഇടപെടലും അശ്രാന്ത പരിശ്രമവും കാരണമാണ്. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍, ബത്തേരി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൃഷ്ണദാസ് എന്നിവരുടെ നേതൃത്തില്‍ വനപാലക സംഘം കര്‍ണാടക വനത്തിലെ തീ അണക്കാന്‍ സഹായിക്കുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലേക്ക് തീ പടരാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ തുടരുകയാണ്. അതി ശക്തമായി കാറ്റ് വീശുന്നതിനാല്‍ തീ പലയിടത്തേക്കും അതിവേഗത്തില്‍ വ്യാപിക്കുന്നുണ്ട്. തീകെടുത്താന്‍ ആവശ്യമായ ഉപകരണങ്ങളില്ലാത്തത് വനംവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. കര്‍ണാടക വനം വകുപ്പ് അധികൃതരുടെ അലംഭാവമാണ് കാട്ടുതീ ഇത്രയും ശക്തിപ്രാപിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ആകാശം മുട്ടെ ഉയരത്തില്‍ വരുന്ന കാട്ടുതീ കെടുത്താന്‍ പ്രാകൃതമായ രീതിയില്‍ കന്നാസില്‍ വെള്ളവും നിറച്ച് നടക്കുകയാണ് വനപാലകര്‍. കാട്ടുതീക്ക് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും തീ കെടുത്താന്‍ സത്വര നടപടികളൊന്നും സ്വീകരിച്ചില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ആളുകളെ രംഗത്തിറക്കുകയോ ഹെലികോപ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്തില്ല. കാട്ടുതീ കെടുത്താനുള്ള ശ്രമത്തില്‍ കര്‍ണാടകത്തിലെ വനപാലകനായ മുനിയപ്പ പൊള്ളലേറ്റ് മരിച്ചിരുന്നു. എത്ര ജന്തുജാലങ്ങള്‍ ചത്തൊടുങ്ങിയെന്ന് ഒരു കണക്കുമില്ല. വയനാട് വന്യജീവി സങ്കേതത്തിലേക്ക് തീ പടരുന്നത് തടയാന്‍ ശ്രമിച്ച വനപാലകരുടെ കണ്‍മുന്നിലൂടെയാണ് കാട്ടുപന്നിയും മാനും കാട്ടിയുമെല്ലാം പ്രാണരക്ഷാര്‍ഥം ഓടിയത്. അസംഖ്യം ഇഴജന്തുക്കള്‍ക്കും ചെറുപ്രാണികള്‍ക്കും രക്ഷപ്പെടാന്‍ ഒരു നിര്‍വാഹവുമുണ്ടാകില്ല. അപൂര്‍വമായ സസ്യങ്ങളും ജന്തുജാലങ്ങളും ഇല്ലാതായെന്നും വരാം. കത്തിനശിച്ചത്രയും വനം പൂര്‍വ സ്ഥിതിയിലാകണമെങ്കില്‍ ദശാബ്ദങ്ങളെടുക്കും. വനത്തിനുള്ളിലേക്ക് ഫയര്‍ എന്‍ജിന്‍പോലുള്ള വാഹനങ്ങള്‍ എത്തിച്ച് തീ കെടുത്തുക എളുപ്പമല്ല. മാത്രമല്ല, വന്‍മരങ്ങള്‍വരെ നിമിഷങ്ങള്‍ക്കുള്ളിലാണ് വെണ്ണീറാകുന്നത്. ഇത്രയും വലിയ തീ കെടുത്താന്‍ ഫയര്‍ എന്‍ജിനുകള്‍ക്കുപോലും സാധിക്കാതെ വരും. ഒരാഴ്ച വനം നിന്നു കത്തിയിട്ടും കാര്യമായ പ്രതിരോധം തീര്‍ക്കാന്‍പോലും സാധിക്കാത്തത് ഉന്നതരുടെ പിടിപ്പുകേടാണെന്ന് ആക്ഷേപമുയരുന്നുണ്ട്. കര്‍ണാടകയിലെ അഞ്ച് റേഞ്ചുകളിലായി പതിനായിരത്തിലധികം ഏക്കര്‍ വനം കത്തിച്ചാമ്പലായെന്നാണ് അനൗദ്യോഗിക വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.