വരണ്ടുണങ്ങിയ നെല്‍പ്പാടങ്ങള്‍ക്ക് കുളിരായി വേനല്‍മഴ

മാനന്തവാടി: കടുത്ത വേനലില്‍ വരണ്ടുണങ്ങിയ നെല്‍പ്പാടങ്ങളെ കുളിരണിയിച്ച് വേനല്‍മഴ ലഭിച്ചത് കര്‍ഷക മനസ്സുകളില്‍ ആശ്വാസമായി. വയനാടിന്‍െറ അതിര്‍ത്തി ഗ്രാമങ്ങളായ കര്‍ണാടകയിലെ ബാവലി, മച്ചൂര്‍, ബൈരക്കുപ്പ, ബെള്ള മേഖലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചത്. മിക്ക വയലുകളും വിണ്ടുകീറി കിടക്കുന്ന അവസ്ഥയിലായിരുന്നു. മഴ ലഭിച്ച് മണ്ണ് കുതിര്‍ന്ന് തുടങ്ങിയതോടെ കര്‍ഷകര്‍ വിത്ത് വിതക്കാനുള്ള തയാറെടുപ്പിലാണ്. മുമ്പെങ്ങുമില്ലാത്തവിധം വരള്‍ച്ചയാണ് ഇത്തവണ അതിര്‍ത്തിഗ്രാമങ്ങള്‍ അനുഭവിച്ചത്. വയലുകള്‍ വരണ്ടുണങ്ങിയതോടെ കന്നുകാലികളെ മേക്കാന്‍പോലും കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടി. കന്നുകാലികളുടെ ദാഹമകറ്റാന്‍ ബാവലി പുഴയെ ആശ്രയിക്കേണ്ടതായി വരുന്നു. ഇവിടെ ജലനിരപ്പ് താഴ്ന്നതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. മഴ ലഭിച്ചുതുടങ്ങിയതോടെ നെല്‍കൃഷിക്കൊപ്പം ഇഞ്ചി, പരുത്തി കൃഷികള്‍ക്കുമായി നിലമൊരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. അതേസമയം, വേനല്‍ മഴയില്‍ വ്യാപക നാശനഷ്ടങ്ങളും ഈ മേഖലയിലുണ്ടായി. ശക്തമായ കാറ്റിനെ തുടര്‍ന്ന് മച്ചൂര്‍ മേഖലയില്‍ നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണ് പ്രദേശം ദിവസങ്ങളോളം ഇരുട്ടിലാക്കി. വൈദ്യുതി ജീവനക്കാര്‍ നിരവധി ദിവസം മെനക്കെട്ടാണ് വൈദ്യുതി ബന്ധം പുന$സ്ഥാപിച്ചത്. ജില്ലയിലുള്‍പ്പെടുന്ന ബാവലി വയലേലകളിലും വേനല്‍മഴ കര്‍ഷകരെ തെല്ളൊന്നുമല്ല ആശ്വാസത്തിലാക്കിയത്. കര്‍ഷകര്‍ കൃഷിയിറക്കാന്‍ തയാറാണെങ്കിലും ആന, മാന്‍, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.