അധ്യാപകര്‍ ‘ഫീല്‍ഡി’ലേക്ക്; അധ്യയനം ട്രാക്കുതെറ്റിയേക്കും

കല്‍പറ്റ: പ്രൈമറി അധ്യാപകരെ ദേശീയ ജനസംഖ്യാ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഫീല്‍ഡ് ജോലികള്‍ക്കായി നിയമിച്ചത് സ്കൂളുകളിലെ അധ്യയനം താളം തെറ്റാന്‍ കാരണമാകുമെന്ന് ആശങ്ക. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെയും മൊത്തം അധ്യാപകരില്‍ പകുതിയിലേറെപ്പേരും ഇതിനായി സ്കൂള്‍ വിട്ട് ഫീല്‍ഡിലിറങ്ങും. ഡിസംബര്‍ രണ്ടു മുതല്‍ 15 വരെ തീയതികളില്‍ ജോലി പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി നിയോഗിക്കപ്പെട്ടവര്‍ക്ക് വ്യാഴാഴ്ച റവന്യൂവകുപ്പ് വിവിധ സ്ഥലങ്ങളില്‍ പരിശീലന ക്ളാസ് സംഘടിപ്പിച്ചു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി മിക്ക പ്രൈമറി സ്കൂളുകളും വ്യാഴാഴ്ച അടച്ചിടേണ്ടി വന്നുവെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. ക്രിസ്മസ് പരീക്ഷക്കാലത്ത് 13 പ്രവൃത്തി ദിനങ്ങളില്‍ ജനസംഖ്യാ രജിസ്ട്രേഷന്‍ ജോലികള്‍ക്കായി കൂട്ടത്തോടെ പോകുമ്പോള്‍ സ്കൂള്‍ അടച്ചിടേണ്ടി വരുമെന്ന് അധ്യാപകര്‍ തഹസില്‍ദാര്‍ അടക്കമുള്ളവരെ ബോധിപ്പിച്ചിട്ടുണ്ട്. ഒരു അധ്യയന വര്‍ഷം 200 പ്രവൃത്തി ദിനങ്ങളാണുള്ളത്. പ്രഖ്യാപിതവും അപ്രതീക്ഷിതവുമായ അവധികള്‍ കാരണം ഇതിനകം കുറേ പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടു. ഇതിനു പുറമെയാണ് ജനസംഖ്യാ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 13 ദിവസങ്ങള്‍ കൂടി നഷ്ടപ്പെടുന്നത്. പാഠഭാഗങ്ങള്‍ കുറേ എടുത്തു തീരാനുള്ളതിനാല്‍ അധ്യാപകരും ആശങ്കയിലാണ്. 2010ല്‍ ദേശീയ ജനസംഖ്യാ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടു നടത്തിയ കണക്കെടുപ്പിന്‍െറ തുടര്‍ച്ചയാണ് അധ്യാപകര്‍ ഇപ്രാവശ്യം ചെയ്യേണ്ടത്. മുമ്പ് എടുത്ത കണക്കില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് പരിശോധിച്ച് കൃത്യമാക്കണം. കുടുംബത്തില്‍ കൂടുതല്‍ അംഗങ്ങളുണ്ടെങ്കില്‍ അതു രേഖപ്പെടുത്തുകയും മറ്റ് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തുകയും വേണമെന്നാണ് നിര്‍ദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.