ക്ഷേത്രട്രസ്​റ്റി​ൽ സാമ്പത്തികതട്ടിപ്പെന്ന്​ പരാതി; സംഘ്​പരിവാര്‍ സംഘടനാനേതാവിനെതിരെ കേസെടുത്തു കടയ്ക്കാവൂര്‍ ആയാൻറവിള മഹാലക്ഷ്മി ക്ഷേത്രത്തിലാണ്​ തട്ടിപ്പ്​

ആറ്റിങ്ങൽ: ക്ഷേത്ര ട്രസ്റ്റിൽ സാമ്പത്തികതട്ടിപ്പെന്ന് പരാതി. സംഘ്പരിവാര്‍ സംഘടനാനേതാവിനെതിരെ കേസെടുത്തു. കട യ്ക്കാവൂര്‍ ആയാൻറവിള ദേവസ്വത്തിൻെറ നിലവിലെ പ്രസിഡൻറ് രഞ്ജിത്താണ് കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് പരാതിയിന്മേല്‍ കേസെടുത്തു. പ്രശസ്ത ക്ഷേത്രമായ കടയ്ക്കാവൂര്‍ ആയാൻറവിള മഹാലക്ഷ്മി ദേവസ്വം പ്രസിഡൻറായിരുന്ന ശിവസേന മുന്‍ ജില്ലകണ്‍വീനറും നിലവില്‍ ബി.ജെ.പി ജില്ല ഭാരവാഹിയുമായ വക്കം അജിത്ത്, സെക്രട്ടറിയായിരുന്ന ശശിധരനും എതിരെയാണ് കേസ്. 2014 മുതല്‍ ട്രസ്റ്റ് മിനിറ്റ്സ് ബുക്കിലും മറ്റ് റെക്കോഡുകളിലും ട്രസ്റ്റ് മെംബര്‍മാരുടെ ഒപ്പ് വ്യാജമായി ഇടുകയും ട്രസ്റ്റ് തീരുമാനങ്ങള്‍ അംഗങ്ങളുടെ തീരുമാനവും അഭിപ്രായങ്ങളുമാണെന്ന് എഴുതിച്ചേര്‍ക്കുകയും വ്യാജരേഖകള്‍ ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. 2019 മാര്‍ച്ച് 31ന് നടന്ന ട്രസ്റ്റ് പൊതുയോഗത്തിലാണ് കണക്കുകള്‍ അവതരിപ്പിക്കാത്തതിനെ തുടര്‍ന്ന് ഇവരെ നീക്കാന്‍ തീരുമാനിച്ചത്. ട്രസ്റ്റ് സ്ഥാനത്തുനിന്ന് നീക്കപ്പെടുമെന്നറിഞ്ഞ് ഇവര്‍ മിനിറ്റ്സ് ബുക്കില്‍ വ്യാജരേഖകള്‍ ഉണ്ടാക്കുകയായിരുന്നു. ബുക്കില്‍ പ്രസിഡൻറും സെക്രട്ടറിയുമായി ഇവരെത്തന്നെ തെരഞ്ഞെടുത്തതായി എഴുതിച്ചേര്‍ത്തു. ഏപ്രില്‍ മാസത്തെ മുഴുവന്‍ വരുമാനതുകയും പ്രതികളുടെ പേരിലാക്കി. മേയ് 22ന് ട്രസ്റ്റ് അംഗങ്ങള്‍ നിയമപ്രകാരം പൊതുയോഗം കൂടുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. എം. രഞ്ജിത്തിനെ പ്രസിഡൻറായും ജി. സുധീറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. തുടര്‍ന്നും ട്രസ്റ്റ് സ്ഥാനം പുതിയ ഭാരവാഹികള്‍ക്ക് കൈമാറാന്‍ പ്രതികള്‍ തയാറായില്ല. ട്രസ്റ്റിൻെറ പ്രസിഡൻറും സെക്രട്ടറിയുമായിരുന്ന സമയത്തെ റെക്കോഡുകള്‍ പുതിയ ഭരണസമിതിക്ക് കൈമാറിയിട്ടില്ല. തിരുവനന്തപുരം റേഞ്ച് ഐ.ജിക്ക് ആയാൻറവിള ദേവസ്വം പ്രസിഡൻറ് രഞ്ജിത്ത് പരാതി നല്‍കി. ഇതിൻെറ അടിസ്ഥാനത്തില്‍ ആറ്റിങ്ങൽ ഡി.വൈ.എസ്.പിയെ അന്വേഷണ ചുമതല ഏൽപിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ വ്യാജരേഖയും പണം തിരിമറിയും ബോധ്യപ്പെട്ടതോടെയാണ് കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.