ഭരണം ഏറ്റവും ​േമാശമാക്കുന്നത്​ പൊലീസ്​ -മന്ത്രി മണി

തിരുവനന്തപുരം: സര്‍ക്കാറിൻെറ ഭരണത്തെ ഏറ്റവുമധികം മോശമാക്കുന്നത് പൊലീസ് സംവിധാനമാണെന്ന് മന്ത്രി എം.എം. മണി. അ തിനാല്‍ പൊലീസുകാർ ജാഗ്രതയോടെ വേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പൊലീസ് അസോസിയേഷന്‍ ടെലികമ്യൂണിക്കേഷൻ ജില്ല സമ്മേളനത്തിൻെറ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മനുഷ്യാവകാശവും സംരക്ഷിക്കാന്‍ പൊലീസുകാര്‍ ബാധ്യസ്ഥരാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ അതിക്രമങ്ങള്‍ കാണിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കും. ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭാവിയില്‍ ദുഃഖിക്കേണ്ടിവരും. നെടുങ്കണ്ടം കേസില്‍ പൊലീസ് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്. നിയമം അതിൻെറ വഴിയെ മുന്നോട്ടുപോകും. കമ്യൂണിസ്റ്റുകാരെ പട്ടിയെപോലെ തല്ലിക്കൊന്നവരുടെ അനുയായികളാണ് ഇപ്പോള്‍ സമാധാനത്തിൻെറ വക്താക്കളായി നിയമസഭയിലും പുറത്തും മുറവിളികൂട്ടുന്നത്. അവര്‍ക്കിപ്പോള്‍ മനുഷ്യാവകാശത്തെപ്പറ്റി പറയാന്‍ ഉളുപ്പില്ലേ. അടിയന്തരാവസ്ഥക്കാലത്ത് നിരവധി ആളുകളെയാണ് ഇല്ലാതാക്കിയത്. അവരാണ് തങ്ങളെ മനുഷ്യാവകാശം പഠിപ്പിക്കാന്‍ നോക്കുന്നത്. അവരോട് തങ്ങള്‍ക്ക് പുച്ഛമാണ്. അവരുടെ ഉപദേശങ്ങള്‍ തള്ളിക്കളയും. കോണ്‍ഗ്രസുകാര്‍ ചെയ്തപോലെ മാമപ്പണി തങ്ങള്‍ ചെയ്യാറില്ല. അതിന് തങ്ങളെ കിട്ടില്ല. പ്രസംഗിച്ചതിൻെറ പേരില്‍ മുമ്പ് ഭരിച്ചവര്‍തന്നെ കൊലക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കോടതിയിലെത്തിയപ്പോള്‍ ജഡ്ജി പറഞ്ഞത് ഇയാള്‍ പ്രസംഗിച്ചതല്ലാതെ ആരെയും കൊന്നിട്ടില്ലല്ലോ എന്നാണ്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയപ്പോഴും തള്ളുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് അസോസിയേഷന്‍ ടെലികമ്യൂണിക്കേഷൻ വിഭാഗം ജില്ല പ്രസിഡൻറ് പി. ജയപ്രകാശന്‍, സംസ്ഥാന സെക്രട്ടറി പി.ജി. അനില്‍കുമാര്‍, ജില്ല സെക്രട്ടറി എസ്. ഷിബു, ഭാരവാഹികളായ എം. പ്രവീണ്‍കുമാര്‍, ജി. കിഷോര്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.