സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ പോയി; വിളപ്പില്‍ പഞ്ചായത്ത് പ്രവര്‍ത്തനം സ്തംഭിച്ചു ആദ്യം സമ്മേളനം, എന്നിട്ട് മതി സേവനം

പ്രതിപക്ഷാംഗങ്ങള്‍ ഒാഫിസ് പൂട്ടിയിട്ടു, പ്രവര്‍ത്തിച്ചത് ഫ്രണ്ട് ഒാഫിസ് മാത്രം VILAPPIL PANCHAYATH ജീവനക്കാര്‍ കൂട്ടത് തോടെ സമ്മേളനത്തിന് പോയതിനെതുടർന്ന് വിളപ്പില്‍ പഞ്ചായത്ത് ഒാഫിസില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരകള്‍ നേമം: സംഘടനാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ പോയി, പഞ്ചായത്ത് പ്രവര്‍ത്തനം സ്തംഭിച്ചു. എന്‍.ജി.ഒ യൂനിയന്‍ കാട്ടാക്കട ഏരിയ സമ്മേളനത്തിൽ പങ്കെടുക്കാൻ വിളപ്പില്‍ പഞ്ചായത്തിലെ 30ഓളം വരുന്ന ജീവനക്കാരാണ് ഹാജര്‍ രേഖപ്പെടുത്തി 'മുങ്ങിയത്'. പഞ്ചായത്ത് സെക്രട്ടറിയും പ്യൂണും ഉൾപ്പെടെ ജോലിയില്‍നിന്ന് വിട്ടുനിന്നതോടെ പ്രതിഷേധസൂചകമായി പ്രതിക്ഷാംഗങ്ങള്‍ പഞ്ചായത്ത് ഒാഫിസ് പൂട്ടിയിട്ടു. രാവിലെ 11ന് പോയ ജീവനക്കാര്‍ രണ്ടോടെയാണ് തിരിച്ചെത്തിയത്. സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനും കരമൊടുക്കാനും പഞ്ചായത്തിലെത്തിയവർ കണ്ടത് ഒഴിഞ്ഞുകിടക്കുന്ന കസേരകളായിരുന്നു. തുടർന്ന് വിവരം തിരക്കിയപ്പോഴാണ് ജീവനക്കാര്‍ സമ്മേളനത്തിന് പോയതായി അറിയുന്നത്. ഒരു ഒാഫിസ് സ്റ്റാഫും പ്യൂണും ജോലിചെയ്യുന്ന ഫ്രണ്ട് ഒാഫിസ് മാത്രമാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചത്. ഇതോടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനും പെന്‍ഷന്‍ സംബന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കുന്നതിനും എത്തിയ വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ പ്രയാസപ്പെട്ടു. സാമ്പത്തിക വര്‍ഷാവസാനത്തിന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള പദ്ധതികളുടെ കടലാസ് ജോലി, തൊഴിലുറപ്പ് പദ്ധതി നടപടിക്രമങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇനിയും പഞ്ചായത്തില്‍ അവശേഷിക്കുന്നുണ്ട്. ഇതിനിടെ ജനങ്ങളെ പ്രയാസപ്പെടുത്തി സമ്മേളനത്തിന് പോയത് വൻ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. എഡ്വിന്‍ ജോർജ്, ബുഷ്‌റാ ബീവി, ചന്ദ്രിക, ജലജാംബിക, കാര്‍ത്തികേയന്‍, അനില്‍, അജിത്കുമാര്‍ എന്നീ പ്രതിപക്ഷാംഗങ്ങളാണ് പ്രതിഷേധസൂചകമായി പഞ്ചായത്ത് ഒാഫിസ് താഴിട്ടുപൂട്ടിയത്. തുടർന്ന് സ്ഥലത്തെത്തിയ വിളപ്പില്‍ശാല പൊലീസ് പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചുവരുത്തുകയും പ്രസിഡൻറ്, സെക്രട്ടറി, പ്രതിപക്ഷ അംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ജീവനക്കാരുടെ ഹാജർ ഉച്ചവരെ എന്ന ക്രമത്തിൽ മാറ്റിരേഖപ്പെടുത്തിയതോടെയാണ് പ്രതിപക്ഷം ശാന്തരായത്. ഹാജര്‍ രേഖപ്പെടുത്തി സമ്മേളനത്തിന് പോയ ജീവനക്കാര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.