വനസംരക്ഷണസമിതിയുടെ പ്രവർത്തനത്തിൽ ആരോപണവുമായി സി.പി.ഐ

പുനലൂർ: കോന്നി വനം ഡിവിഷനിലെ മണ്ണാറപ്പാറ റേഞ്ചിലെ വനസംരക്ഷണസമിതിയുടെ പ്രവർത്തനത്തിൽ അഴിമതി ആരോപണവുമായി സി.പി.ഐ രംഗത്ത്. വൻതുക മുടക്കിയുള്ള ചില പദ്ധതികളിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിൽ ക്രമക്കേടുണ്ടെന്നാണ് പ്രധാന ആരോപണം. സമിതി അംഗങ്ങളായവർക്ക് പാചകവാതകം, സോളാർ ലൈറ്റ് എന്നിവ വിതരണം ചെയ്തിരുന്നു. ഇതിനുള്ള ഗുണഭോക്താക്കളെ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്. കമ്മിറ്റിയിൽ കൈയൂക്കുള്ളവർ ഇഷ്ടക്കാരെ ഗുണഭോക്താക്കളാക്കി. ഗുണഭോക്താക്കളായി എക്സിക്യൂട്ടിവ് തീരുമാനിച്ചവരെ പൊതുയോഗം അംഗീകരിക്കേണ്ടതുണ്ടെങ്കിലും ഈ റേഞ്ചിലെ അഞ്ച് വനസംരക്ഷണസമിതികളിലും അതുണ്ടായിട്ടില്ല. ഇതുപോലെ സമിതികളുടെ വരവ്-ചെലവ് കണക്ക് ഓഡിറ്റിങ്ങിലും ക്രമക്കേടുള്ളതായി സി.പി.ഐ ചെമ്പനരുവി ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. മൂന്നുവർഷം മുമ്പ് പ്ലാൻറ് ചെയ്ത പ്രദേശങ്ങളിൽ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല. കൂടുതൽ പണം തട്ടാൻ ഉദ്ദേശിച്ച് ഓരോ വർഷവും പുതിയമേഖലകൾ കണ്ടെത്തി പ്ലാൻറ് ചെയ്യുന്നു. കാട്ടുതീ സംരക്ഷണ പ്രവർത്തനങ്ങളാണ് ആകെ നടക്കുന്നത്. ആദിവാസികളിൽ നിന്ന് തേൻ ഉൾപ്പെടെ വനവിഭവം ശേഖരിക്കുന്നതിലും അതിന് പ്രതിഫലം നൽകുന്നതിലും ക്രമക്കടുണ്ട്. വനവിഭവങ്ങൾ ശേഖരിക്കുമ്പോൾ 50 രൂപ ആദിവാസികളിൽ നിന്ന് ഈടാക്കുന്നു. ഈ തുക ഒരുമിച്ച് ഓണത്തിന് മടക്കിനൽകുമെന്നാണ് അധികൃതർ പറ‍യുന്നത്. എന്നാൽ, ഇക്കാര്യത്തിലൊന്നും ശരിയായ പരിശോധനകളില്ല. സമിതികൾക്ക് നൽകുന്ന പണം െചലവഴിക്കുന്നതിനെ കുറിച്ചും ഉദ്യോഗസ്ഥർ പരിശോധിക്കാറില്ല. സമിതിയുടെ പണം ഉപയോഗിച്ച് വാങ്ങിയ ആയുധങ്ങളും മറ്റ് പണിസാധനങ്ങളും ചിലർ കടത്തിക്കൊണ്ടുപോയി. ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി വനംമന്ത്രി, വിജിലൻസ് സി.സി.എഫ് എന്നിവർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.