ശാസ്​താംകോട്ട ശുദ്ധജലതടാകം ലക്ഷ്യമിട്ട്​ വീണ്ടും ചളി മാഫിയ: ചതിക്കുഴിയിൽ ജില്ലാ പഞ്ചായത്തും

ശാസ്താംകോട്ട: പതിനായിരക്കണക്കിന് ലോഡ് ചളിയുടെ കച്ചവടം ലക്ഷ്യമിട്ട് ശാസ്താംകോട്ട 'ശുദ്ധജല തടാക സംരക്ഷണത്തിന്' ചളി മാഫിയ വീണ്ടും സജീവമായി. ഭരണപക്ഷ രാഷ്ട്രീയ നേതാക്കളും മറ്റും ഉൾപ്പെടുന്ന ഇൗ മാഫിയയുടെ ചതിക്കുഴിയിൽ ജില്ലാ പഞ്ചായത്തും വീണതാണ് ഒടുവിലത്തെ കാഴ്ച. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച 16.5 ലക്ഷത്തി​െൻറ തടാക സംരക്ഷണ പദ്ധതിയിൽ തടാകത്തിലെ ചളി നീക്കം ചെയ്യുന്നതിനാണ് ഉൗന്നൽ. എന്നാൽ, 2010 ലും 2013ലും കോഴിക്കോട് ആസ്ഥാനമായ സി.ഡബ്ല്യു.ആർ.ഡി.എമ്മി​െൻറ പഠനത്തിൽ തടാകത്തിനുള്ളിൽ ഏതെങ്കിലും തലത്തിലുള്ള സംരക്ഷണ പ്രവർത്തനങ്ങൾ നടത്തും മുമ്പ് വിശദമായ പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന് കർശനമായി നിർദേശിച്ചിരുന്നു. ശാസ്താംകോട്ട തടാക സംരക്ഷണത്തിന് മാത്രമായി മണ്ണ് സംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഒാഫിസ് 20 വർഷം മുമ്പ് ശാസ്താംകോട്ട തടാകതീരത്ത് സ്ഥാപിച്ചതാണ്. ഇന്നുവരെ തടാകത്തിന് ഇൗ ഒാഫിസുകൊണ്ട് ദോഷമല്ലാതെ ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നതാണ് അനുഭവം. കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പല രൂപത്തിൽ നടപ്പാക്കിയെങ്കിലും ഒന്നുപോലും തടാകത്തിന് ഗുണം ചെയ്തില്ല. ഒരു ഗസറ്റഡ് ഒാഫിസറും അനുബന്ധ ജീവനക്കാരും ഉള്ള ഒാഫിസി​െൻറ നേതൃത്വത്തിൽ മൂന്ന് തവണ കയർ ഭൂവസ്ത്രം തടാകതീരത്ത് അണിയിച്ചെങ്കിലും ഇന്ന് അതി​െൻറ പൊടിപോലുമില്ല. ഇൗ 'വെള്ളാന'യെ ഒഴിവാക്കി കൊട്ടാരക്കരയിലെ മണ്ണ് സംരക്ഷണ ഒാഫിസിനെയാണ് ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതിയുടെ നിർവഹണത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. തടാകത്തി​െൻറ കിലോമീറ്ററുകൾ ദൈർഘ്യമുള്ള തീരപ്രദേശത്തെ ചളി 30 സ​െൻറിമീറ്റർ ആഴത്തിൽ നീക്കം ചെയ്തശേഷം ചുറ്റും ചളികൊണ്ട് ബണ്ട് നിർമിക്കമെന്നാണ് പദ്ധതിയിൽ പറയുന്നത്. തടാക സ്നേഹികളും തീരവാസികളും കണ്ടുമടുത്ത ഹരിതവത്കരണവും ഒപ്പമുണ്ട്. സംസ്ഥാന വനംവകുപ്പ് മുതൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വരെ 1995 മുതൽ ഇന്നുവരെയുള്ള കാലയളവിൽ നട്ട എത്ര വൃക്ഷങ്ങൾ ഇന്ന് തടാക തീരത്ത് ശേഷിക്കുന്നുണ്ടെന്നത് പഠനവിധേയമാക്കേണ്ട വിഷയമാണ്. ഇതിനാലാണ് തടാകത്തിലെ ചളി നീക്കം ചെയ്യുന്നത് പുതിയ പദ്ധതിയിൽ പ്രസക്തമാവുന്നത്. അങ്ങേയറ്റം മൗലികവും ശുദ്ധവുമായൊരു ആവാസ്ഥവ്യവസ്ഥ നിലനിൽക്കുന്ന തടാകത്തിൽ മതിയായ പഠനം നടത്താതെ നടത്തുന്ന ഏത് കടന്നുകയറ്റവും വിപരീത ഫലങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പാണ് സി.ഡബ്ല്യു.ആർ.ഡി.എം നൽകുന്നത്. ഇൗ റിപ്പോർട്ട് ജില്ലാ ഭരണകൂടം മുതൽ മുകളിലേക്ക് നിരവധി ഏജൻസികൾക്ക് മുന്നിലുണ്ട്. മുമ്പ് ചളി നീക്കം ചെയ്യണമെന്ന ആവശ്യത്തിലേക്ക് പൊതുജനാഭിപ്രായം സ്വരൂപിക്കാൻ ലക്ഷണക്കിന് രൂപ ചെലവഴിച്ച സംഘം അന്ന് പരാജയപ്പെട്ടിരുന്നു. അന്ന് 'മാധ്യമം' ആണ് ഇൗ നീക്കം പുറത്തുകൊണ്ടുവന്നത്. ഇപ്പോൾ ജില്ലാ പഞ്ചായത്തിനെ കൂടി അതിലേക്ക് കൊണ്ടുവരാനായത് പരിസ്ഥിതി സ്നേഹികളെയടക്കം ഞെട്ടിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്താതെ തടാകത്തിൽ കൈവെക്കാൻ ആരു മുന്നോട്ടുവന്നാലും ചെറുക്കുമെന്നാണ് തടാക സംരക്ഷണ ആക്ഷൻ കൗൺസിൽ ചെയർമാൻ കെ. കരുണാകരൻ പിള്ള പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.