P1 LEAD BODY REPLACE +++++

ബംഗളൂരു /ന്യൂഡൽഹി: സർക്കാർ രൂപവത്കരണം സംബന്ധിച്ച തർക്കം സുപ്രീംകോടതി കയറിയ കർണാടകയിൽ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരമേറ്റു. എന്നാൽ, അദ്ദേഹത്തി​െൻറ മുഖ്യമന്ത്രി പദം തുലാസിലാണ്. കർണാടക ഗവർണർ വാജുഭായ് വാലയുടെ ക്ഷണം സ്വീകരിച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം അവകാശപ്പെട്ട് യെദിയൂരപ്പ ഗവർണർക്ക് നൽകിയ കത്ത് ഹാജരാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതാണ് അദ്ദേഹത്തി​െൻറ ഭാവി ചോദ്യചിഹ്നത്തിലാക്കുന്നത്. ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹരജി ഇന്ന് രാവിലെ 10.30നാണ് വീണ്ടും പരിഗണിക്കുക. അതിന് മുമ്പായി കത്ത് ഹാജരാക്കണമെന്നാണ് സുപ്രീംകോടതി ബെഞ്ചി​െൻറ നിർദേശം. വ്യാഴാഴ്ച പുലർച്ചെ രണ്ടുമുതൽ സുപ്രീം കോടതിയിൽ നടന്ന മൂന്നരമണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് യെദിയൂരപ്പയുടെ സത്യപ്രതിജ്ഞക്ക് സുപ്രീംകോടതി അനുമതി നൽകിയത്. സത്യപ്രതിജ്ഞ ചെയ്താലും മുഖ്യമന്ത്രി സ്ഥാനം, േകസിലെ തുടർ ഉത്തരവുകളെ ആശ്രയിച്ചായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം ഗവർണർ അനുവദിച്ചതെന്തിനാണെന്ന് പരിശോധിക്കുമെന്നും ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേസമയം, പത്തുമിനിറ്റിൽ താഴെ മാത്രം നീണ്ട സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞയുടൻ വിധാൻസൗധയിലെത്തിയ യെദിയൂരപ്പ മണിക്കൂറുകൾക്കകം ബി.ജെ.പിയുടെ തിരക്കഥ നടപ്പാക്കിത്തുടങ്ങി. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് തടയിടാൻ കോൺഗ്രസും ജെ.ഡി.എസും തങ്ങളുടെ എം.എൽ.എമാരെ പാർപ്പിച്ച ബിഡദിയിലെ ഇൗഗ്ൾടൺ റിസോർട്ടിന് നൽകിയ പൊലീസ് സുരക്ഷ പിൻവലിക്കുകയാണ് ആദ്യം ചെയ്തത്. ഇതോടെ, സുരക്ഷ പരിഗണിച്ച് എം.എൽ.എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കൾ തീരുമാനിച്ചു. രാത്രി 12 മണിയോടെ റിസോർട്ടിൽ എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയ എച്ച്.ഡി. കുമാരസ്വാമി ഇവരെ പുതുച്ചേരിയിലേക്ക് മാറ്റുമെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.