പൊതുവിദ്യാലയങ്ങൾക്ക് വസന്തകാലം

കിളിമാനൂർ: ജൂൺ ഒന്നിന് സ്കൂള്‍ തുറക്കാനിരിക്കെ രക്ഷാകർത്താക്കൾ നല്ല സ്കൂളുകൾക്കായുള്ള നെട്ടോട്ടത്തിലാണ്. അംഗീകാരമില്ലാത്ത സ്വകാര്യ സ്കൂളുകൾ പൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് പ്രാരംഭനടപടികൾ കൈക്കൊണ്ട സാഹചര്യത്തിലാണ് രക്ഷാകർത്താക്കളിൽ ആശങ്ക പടർന്നിരിക്കുന്നത്. എന്നാൽ, തൽക്കാലം കൂടുതൽ നടപടികൾ ഉടൻവേണ്ടെന്ന കോടതി ഉത്തരവ് ഇക്കുറി ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്മ​െൻറുകൾ. അതേസമയം, പതിവിന് വിപരീതമായി ഇത്തവണ സ്വകാര്യ-സ്വാശ്രയ സ്കൂളുകളിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ സർക്കാർ വിദ്യാലയങ്ങളിലേക്ക് മടങ്ങിയെന്നാണ് വിദ്യാഭ്യാസ വകുപ്പി​െൻറ അവകാശവാദം. കിളിമാനൂരിലെ പ്രശസ്തമായ സി.ബി.എസ്.ഇ സ്കൂളുകളില്‍നിന്ന് ഈ മാസം ടി.സി വാങ്ങിയത് ഇരുനൂറിലേറെ കുട്ടികളാണ്. ക‍ഴിഞ്ഞ അധ്യയനവര്‍ഷം 1,45,000 വിദ്യാർഥികള്‍ സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ ഉപേക്ഷിച്ച്‌ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നിരുന്നു. ഇത്തവണ ഇവരുടെ എണ്ണം മൂന്നു ലക്ഷം കവിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പി​െൻറ കണക്കുകൂട്ടല്‍. പൊതുവിദ്യാലയത്തിൽ പഠിച്ചാല്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം ഉണ്ടാവില്ലെന്ന ആശങ്കയാണ് ഒരുവിഭാഗം രക്ഷാകർത്താക്കളെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍നിന്ന് അകറ്റിയിരുന്നത് എന്നാണ് വിദ്യാഭ്യാസ വകുപ്പി​െൻറ കണ്ടെത്തൽ. ഇതിനു പരിഹാരമായാണ് ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താൻ സര്‍വശിക്ഷാ അഭിയാന്‍ 'ഹലോ ഇംഗ്ലീഷ്' പദ്ധതി ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ചില വിദ്യാലയങ്ങളില്‍ നടപ്പാക്കിയ പദ്ധതി വന്‍വിജയമായിരുന്നു. പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്രീയമായി കുട്ടികളെ ഇംഗ്ലീഷ് അഭ്യസിപ്പിക്കുന്ന പദ്ധതി സംസ്ഥാനത്ത് മുഴുവൻ നടപ്പാക്കാനാണ് തയാറെടുക്കുന്നത്. പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനം നൽകിവരുന്നു. സെക്രട്ടേറിയറ്റ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങിയ മേഖലകളിലെ ഉദ്യോഗസ്ഥരുടെ മക്കളടക്കം 83 വിദ്യാർഥികളാണ് കിളിമാനൂർ ടൗൺ യു.പി.എസിൽ ഇതുവരെ അഡ്മിഷൻ എടുത്തത്. ക്ലാസ് മുറികൾ ഹൈടെക് ആക്കിയും കമ്പ്യൂട്ടർ ലാബുകൾ വിപുലീകരിച്ചും ഓഡിയോ സംവിധാനങ്ങളിലൂടെ ക്ലാസ് മുറികളിലേക്ക് അത്യാവശ്യ വിവരങ്ങൾ നൽകാൻവേണ്ട സംവിധാനങ്ങളുമെല്ലാം ഒരുക്കി പൊതുവിദ്യാലയങ്ങളും എയ്ഡഡ് സ്കൂളുകളും സ്വകാര്യ-സ്വാശ്രയ സ്കൂളുകൾക്ക് വെല്ലുവിളിയായിട്ടുണ്ട്. ഈ സംവിധാനങ്ങൾ വരുന്ന അധ്യയന വർഷം പുതിയ വിദ്യാർഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കുമെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.