കെ.എസ്​.ആർ.ടി.സി: അവധിയെടുത്ത്​ മുങ്ങിയവർ കുടുങ്ങും; 464 ജീവനക്കാര്‍ക്ക്​ മടങ്ങിയെത്താൻ നോട്ടീസ്​

തിരുവനന്തപുരം: സർവിസിൽ തുടരവെ ദീർഘകാല അവധിയിൽ പ്രവേശിച്ചശേഷം ജോലിക്ക് ഹാജരാകാതെ മുങ്ങിനടക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കെ.എസ്.ആർ.ടി.സി മാനേജ്മ​െൻറ്. അഞ്ചുവര്‍ഷത്തേക്ക് അവധിയെടുത്ത് വിദേശത്തും സംസ്ഥാനത്തിന് പുറത്തുമായി മറ്റു ജോലികള്‍ ചെയ്യുന്ന 391 ജീവനക്കാരോട് അടുത്തമാസം 10നകം ജോലിെക്കത്തണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. അവധി കഴിഞ്ഞും ജോലിക്ക് ഹാജരാകാത്ത 73 ജീവനക്കാരുണ്ട്. അവര്‍ ഈ മാസം 25നകം ജോലിക്കെത്തണം. മറ്റു വകുപ്പുകളില്‍ ഡെപ്യൂട്ടേഷനിലുള്ള 54 ജീവനക്കാരോടും തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ ആവശ്യത്തിലധികമുണ്ടെങ്കിലും ഡ്യൂട്ടിക്ക് പോകാന്‍ ആളില്ലാത്ത അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ദീര്‍ഘകാല അവധികള്‍ ഒഴിവാക്കാൻ തീരുമാനിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ ഇവരെ നീക്കം ചെയ്യും. ൈഡ്രവർ, കണ്ടക്ടർ, മെക്കാനിക്, ടയർ ഇൻസ്പെക്ടർ, പമ്പ് ഓപറേറ്റർ, എ.ഡി.ഇ തസ്തികയിലുള്ളവരാണ് ദീർഘകാലത്തേക്ക് അവധിയെടുത്ത് മുങ്ങിനടക്കുന്നത്. പ്രത്യേകിച്ച് ഓപറേറ്റിങ് വിഭാഗത്തിലാണ് ക്ഷാമം രൂക്ഷം. കോർപറേഷനിലെ ചട്ടങ്ങളനുസരിച്ച് അഞ്ച് വർഷംവരെ ദീർഘകാല അവധിയെടുക്കാൻ ജീവനക്കാർക്ക് സാധിക്കും. അതാത് യൂനിറ്റ് മേധാവികളുടെ അനുവാദത്തോടെ 14 ദിവസംവരെ തുടർച്ചയായി അവധിയെടുക്കാം. 14 ദിവസം കഴിഞ്ഞാൽ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ യൂനിറ്റ് മേധാവി ഭരണവിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർക്ക് അയക്കണം. ഭരണവിഭാഗം മേധാവി അംഗീകരിച്ചാലേ അവധിയിൽ തുടരാനാകൂ. 90 ദിവസംവരെയുള്ള അവധികൾ ഭരണവിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർക്ക് അനുവദിക്കാം. ഇതുകഴിഞ്ഞാൽ സി.എം.ഡിയുടെ അനുവാദം വേണം. വിദേശരാജ്യങ്ങളിൽ ജോലിക്കുപോകുന്നവർ ദീർഘകാല അവധിയെടുക്കാറുണ്ട്. അതേസമയം, കെ.എസ്.ആർ.ടി.സിയിൽനിന്ന് അവധിയെടുത്ത് കേരളത്തിൽ ജോലി ചെയ്യാനാവില്ല. കെ.എസ്.ആര്‍.ടി.സിയെ സ്ഥിരംജോലി എന്ന മറയാക്കി മറ്റു ബിസിനസുകള്‍ ചെയ്യുന്നവരെ കുടുക്കാനാണ് നീക്കം. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ക്ഷാമം കാരണം ദിവസം 200 ബസുകള്‍വരെ മുടങ്ങുന്നുണ്ടെന്നാണ് മാനേജ്മ​െൻറി​െൻറ കണക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.