വിദേശവനിതയുടെ കൊലപാതകം; പ്രതികളെ കസ്​റ്റഡിയിൽ വിട്ടു

നെയ്യാറ്റിൻകര: കോവളം വാഴമുട്ടത്തെ കണ്ടൽക്കാടിനുള്ളിൽ വിദേശ വനിതയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്ന കേസിൽ പ്രതികളായ പനത്തുറ സ്വദേശികളായ ഉമേഷിനെയും ഉദയനെയും കോടതി 13 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 17ന് വൈകീട്ട് അഞ്ചുവരെയാണ് കസ്റ്റഡി. കൊല നടത്തിയത് ഉമേഷും ഉദയനുമാണെന്നും പീഡനം നടത്തിയതിന് തെളിവുകളുണ്ടെന്നും പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വിദേശവനിതയുടെ ചെരിപ്പും അടിവസ്ത്രവും ഇനിയും കണ്ടെത്താനുണ്ടെന്നും പ്രതികളുമായി സംഭവം നടന്ന കണ്ടൽക്കാട്ടിൽ തെളിവെടുപ്പ് നടത്തണമെന്നുമുള്ള പൊലീസി​െൻറ അപേക്ഷ നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിലെ മജിസ്േട്രറ്റ് ജോൺ വർഗീസ് പരിഗണിക്കുകയായിരുന്നു. പ്രതികളെ ഉച്ചക്ക് 12ഓടെയാണ് കോടതിയിൽ ഹാജരാക്കിയത്. കോടതി തുടങ്ങുന്നതിനുമുമ്പ് തന്നെ ഫോർട്ട് അസിസ്റ്റൻറ് കമീഷണർ ജെ.കെ. ദിനിലി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘം കോടതിയിൽ എത്തിയിരുന്നു. പ്രതികൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് മജിസ്േട്രറ്റ് ചോദിച്ചപ്പോൾ പൊലീസ് മർദിച്ചതായി ഇരുവരും മൊഴി നൽകി. മർദനത്തെ കുറിച്ച് പ്രതികൾ വിവരിച്ചത് മജിസ്േട്രറ്റിന് കേൾക്കാൻ സാധിക്കാഞ്ഞതിനാൽ അടുത്തേക്ക് വിളിച്ച് കാര്യങ്ങൾ ചോദിച്ചു. അപ്പോൾ മർദനമേറ്റ കൈയിലെ അടയാളങ്ങൾ ഇരുവരും കാണിച്ചുകൊടുത്തു. തുടർന്ന്, പ്രതിഭാഗം അഭിഭാഷകനോട് മർദനം സംബന്ധിച്ച പരാതി രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടു. പരാതി എഴുതുന്നതിനിടെ കോടതി മറ്റ് കേസുകൾ പരിഗണിച്ചുമില്ല. അകാരണമായി പൊലീസ് കസ്റ്റഡിയിൽ ദിവസങ്ങളായി പ്രതികളെ സൂക്ഷിച്ചിരുന്നതായി അഭിഭാഷകൻ ഇസ്മായിൽ വാദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.