ഒാരോ തുള്ളി ജലവും കരുതലോടെ; അവനവഞ്ചേരി സ്കൂൾ മാതൃകയാകുന്നു

ഫോട്ടോ- അവനവഞ്ചേരി ഗവ.എച്ച്.എസ്.എസിലെ എസ്.പി.സി കുട്ടികളുടെ മഴക്കുഴി നിർമാണം (ഫയൽ ചിത്രം) ഫോട്ടോ- ഫ്ലഷ് ടാങ്കുകളിലെ സംഭരണശേഷി കുറയ്ക്കാന്‍ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കുന്നു ആറ്റിങ്ങല്‍: ഈ വേനലിൽ അവനവഞ്ചേരിലെ ആർക്കും ജലത്തിനായി അലയേണ്ട ആവശ്യമില്ല. മഴക്കുഴി നിർമിച്ച് ജലശേഖരണം നടത്തിയിരിക്കുകയാണ് അവനവഞ്ചേരി ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ. സ്‌കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് പ്രോജക്ടിലെ വിദ്യാർഥികളാണ് മാതൃകാപരമായ പദ്ധതി നടപ്പാക്കിയത്. മുന്‍വര്‍ഷത്തെ രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു മഴവെള്ളം അതത് സ്ഥലത്ത് മണ്ണില്‍ സംഭരിക്കാനും നീരുറവകളില്‍ ജലം ഉറപ്പുവരുത്താനും ശ്രമം നടത്തിയത്. കിണറുകള്‍ക്ക് സമീപത്തും പുരയിടത്തിലും നാല് അടി നീളവും വീതിയും ഒന്നരമീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ താഴ്ചയുമുള്ള കുഴികളെടുത്താണ് ജലസംഭരണം സാധ്യമാക്കിയത്. കൂടാതെ, എസ്.പി.സിയിലെ 88 വിദ്യാർഥികളും സ്വന്തം വീടുകളില്‍ മഴക്കുഴി നിർമിച്ചു. പൊതുസ്ഥലങ്ങളിലും സമാനരീതിയില്‍ മഴക്കുഴി ഒരുക്കി. കുട്ടികളുടെ ബോധവത്കരണത്തി​െൻറ ഫലമായി അയല്‍വീട്ടുകാരും ഈ മാതൃക പിന്‍പറ്റി. ഇരുന്നൂറോളം മഴക്കുഴികള്‍ കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് തീര്‍ത്തു. മഴക്കുഴി നിർമിച്ച സ്ഥലങ്ങളിലെല്ലാം കിണറുകളില്‍ ഈ വേനല്‍ക്കാലത്ത് സുലഭമായി ജലം ലഭ്യമാണ്. കുട്ടിക്കൂട്ടത്തി​െൻറ പരിശ്രമം വിജയകരമായതോടെ മുന്‍വര്‍ഷം മഴക്കുഴി നിര്‍മിക്കാന്‍ മടിച്ചുനിന്നവര്‍ ഈ വര്‍ഷം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂളിലെ വിദ്യാർഥികൾ ഈ വര്‍ഷം ജലദുരുപയോഗം തടയാനുള്ള പദ്ധതികള്‍ നടപ്പാക്കിവരുകയാണ്. ഉപയോഗിക്കുന്നതിനൊപ്പം നാം പ്രതിദിനം വലിയതോതില്‍ ജലം പാഴാക്കിക്കളയുന്നുണ്ട്. പാഴാകല്‍ നിയന്ത്രിക്കുകയാണ് പുതിയ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ടോയ്‌ലറ്റിലെ ഫ്ലഷ് ടാങ്കുകളിലെ ജലസംഭരണശേഷി കുറക്കുകയാണ്. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ നിർദേശിച്ച മാര്‍ഗമാണ് കുട്ടികള്‍ അവലംബിക്കുന്നത്. പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം നിറച്ച് ഫ്ലഷ് ടാങ്കിനുള്ളില്‍ നിക്ഷേപിക്കും. രണ്ട് ലിറ്ററി​െൻറ കുപ്പിയാണ് ടാങ്കില്‍ നിക്ഷേപിക്കുക. ഇതോടെ ഓരോതവണ ഫ്ലഷ് ചെയ്യുമ്പോഴും രണ്ട് ലിറ്റര്‍ ജലം വീതം ലാഭിക്കും. സ്‌കൂളിലെ ശുചിമുറിയിലെല്ലാം ഇത് നടപ്പാക്കിക്കഴിഞ്ഞു. മഴവെള്ളം സംഭരിക്കുന്നതുപോലെതന്നെ പാഴാകുന്നത് തടയലും ജലസംരക്ഷണത്തിന് അനിവാര്യമാെണന്ന തിരിച്ചറിവ് മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നുനല്‍കാനുള്ള ശ്രമത്തിലാണ് ഈ കുട്ടികള്‍. അധ്യാപകനായ എന്‍. സാബു ഇവര്‍ക്ക് നേതൃത്വം നല്‍കി കൂടെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.