ഇഫ്​താസ്​ കരാർ വിജിലൻസ്​ അന്വേഷിക്കണമെന്ന്​ വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്വെയര്‍ സംവിധാനം സ്ഥാപിക്കുന്നതിനുവേണ്ടി ഇഫ്താസുമായുള്ള കരാറിനെപ്പറ്റി വിജിലന്‍സ് അന്വേഷണം വേണമെന്ന് വി.ഡി. സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ധനവിനിയോഗ ബില്ലി​െൻറ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഫ്താസുമായുള്ള കരാറില്‍ ക്രമക്കേടും നടപടിക്രമങ്ങളില്‍ പാളിച്ചയുമുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ഇതുവരെയുള്ള നടപടികളെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും സതീശന്‍ വ്യക്തമാക്കി. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമുള്ള നോണ്‍ ബാങ്കിങ് മൊഡ്യൂള്‍ ഇഫ്താസിനില്ല. റിസര്‍വ് ബാങ്കിനെ മുന്‍നിര്‍ത്തിയുള്ള തട്ടിപ്പാണ് ഇഫ്താസിലൂടെ അരങ്ങേറുന്നത്. ഇവരെ മുന്നില്‍നിര്‍ത്തി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറിനെ സമീപിച്ചത് സ്വകാര്യ കമ്പനികളാണ്. സോഫ്റ്റ്‌വെയറി​െൻറ സുരക്ഷയെപ്പറ്റി എവിടെയും പരാമര്‍ശിച്ചുകാണുന്നില്ല. ഒരുവര്‍ഷത്തിനുള്ളില്‍ മൂന്ന് സോഫ്റ്റ്‌വെയറുകള്‍ മാറ്റിസ്ഥാപിക്കേണ്ട അവസ്ഥയിലേക്കാണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. സ്വന്തം നിലയില്‍ ഒരു ബാങ്കിനും ഇഫ്താസ് ബാങ്കിങ് സൊല്യൂഷന്‍ നല്‍കുന്നില്ല. നോട്ടെണ്ണല്‍ യന്ത്രമടക്കമുള്ള മറ്റ് സംവിധാനങ്ങളാണ് അവര്‍ ബാങ്കുകള്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് 1600ലധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാണ് ഇത്തരത്തില്‍ സോഫ്റ്റ്‌വെയര്‍ ആവശ്യമായുള്ളത്. മുമ്പ് ഇടുക്കിയിലും വയനാട്ടിലും ഇവര്‍ക്ക് നല്‍കിയ കരാര്‍ ചില സ്വകാര്യ കമ്പനികള്‍ക്ക് മറിച്ചുനല്‍കി. അവിടെയുള്ള സഹകരണ സംഘങ്ങളില്‍ ചെയ്തുനല്‍കിയ സോഫ്റ്റ്‌വെയറുകള്‍ പരാജയമായിരുന്നു. ഇത് മനസ്സിലാക്കിയിട്ടും ഒരു നടപടിക്രമങ്ങളും പാലിക്കാതെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ സോഫ്റ്റ്‌വെയര്‍ ചെയ്തുനല്‍കാനുള്ള കരാര്‍ ഇഫ്താസിന് അനുവദിച്ചു. വയനാട്ടില്‍ ഒരു സംഘത്തില്‍നിന്ന് 10,000 രൂപ സര്‍വിസ് ചാര്‍ജായി ഈടാക്കുന്ന ഇഫ്താസ് 2500 രൂപയാണ് സര്‍വിസ് ചാര്‍ജിനത്തില്‍ സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്. ഇത്തരത്തില്‍ ഇഫ്താസിന് കോടികളുടെ വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമാണിതെന്നും സതീശന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.