ജനവാസ മേഖലയിലെത്തിയ കാട്ടാനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനത്തിലേക്ക് തുരത്തി

കുളത്തൂപ്പുഴ: കാടിറങ്ങിയെത്തിയ കാട്ടാന പുലർച്ച ജനവാസ മേഖലയിലെത്തി വീടുകൾക്ക് സമീപം കൃഷിയിടത്തിൽ നിലയുറപ്പിച്ചത് പ്രദേശവാസികളെ ഏറെ നേരം ഭീതിയിലാഴ്ത്തി. ഞായറാഴ്ച പുലർച്ചയാണ് കുളത്തൂപ്പുഴ ആറ്റിനു കിഴക്കേക്കരയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മയുടെ വീടിനോടു ചേർന്നുള്ള പുരയിടത്തിൽ കാട്ടാനയെ കണ്ടത്. പുരയിടത്തിലെ തെങ്ങുകൾ നശിപ്പിച്ച കാട്ടാന നേരം പുലർന്നിട്ടും മടങ്ങാൻ കൂട്ടാക്കാതെ നിലയുറപ്പിച്ചതോടെ നാട്ടുകാർ ഭീതിയിലായി. അടുത്തടുത്ത് വീടുകളുള്ള പ്രദേശത്ത് കാട്ടാനയെത്തിയ വിവരമറിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ജനം തടിച്ചുകൂടി. ജനവാസമേഖലക്ക് ചുറ്റുമായി കിടങ്ങ് നിർമിച്ച് സംരക്ഷണമൊരുക്കിയിരുന്നു. വനത്തിൽനിന്ന് ഏറെ അകലെയായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തേക്ക്് കാട്ടാനയെത്തിയത് എങ്ങനെയെന്ന് നാട്ടുകാർക്കറിയില്ല. കുളത്തൂപ്പുഴ, തെന്മല റെയ്ഞ്ച് വനപാലകരും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രാവിലെ പത്തരയോടെ ശെന്തുരുണി വനമേഖലയിലേക്ക് തുരത്തുകയായിരുന്നു. പ്രദേശത്തെ വനമേഖലയിൽ കാട്ടാനക്കൂട്ടങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും കഴിഞ്ഞ കുറെ നാളുകളായി കൃഷിയിടങ്ങളിലേക്ക് ഇവ എത്താറില്ലായിരുന്നു. വനം വകുപ്പ് നേതൃത്വത്തിൽ സൗരോർജ വേലികളും ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ കിടങ്ങുകളും നിർമിച്ച് കാട്ടുമൃഗങ്ങളിൽനിന്ന് സുരക്ഷ ഒരുക്കിയിട്ടുള്ള പ്രദേശത്ത് പുഴയിലൂടെയാവാം കാട്ടാന എത്തിയതെന്ന നിഗമനത്തിലാണ് നാട്ടുകാർ. കിടങ്ങ് മറികടക്കാൻ കഴിയാത്ത ആനയെ ഏറെ ദൂരം പിന്തുടർന്ന് വനപാതയിലൂടെ വനത്തിലേക്ക് കടത്തിയ ശേഷമാണ് നാട്ടുകാർ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.