കുണ്ടറയിൽ ഫിഷറീസ്​ സർവകലാശാല ഗവേഷണ കേന്ദ്രം: ഉന്നതതലസംഘം പരിശോധന നടത്തി

കുണ്ടറ: കൊച്ചി ആസ്ഥാനമായ കേരള ഫിഷറീസ്- സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) ഗവേഷണ കേന്ദ്രം ജില്ലയിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലപരിശോധനക്കായി ഉന്നതതല സംഘം കുണ്ടറയിൽ സന്ദർശനം നടത്തി. ടെക്നോപാർക്കിന് സമീപം അഞ്ചേക്കറോളം വരുന്ന സ്ഥലത്താണ് സർവകലാശാല വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ, രജിസ്ട്രാർ ഡോ. വി.എം. വിക്ടർ ജോർജ്, സിൻഡിക്കേറ്റ് അംഗം എച്ച്. ബെയ്സിൽ ലാൽ എന്നിവരടങ്ങിയ സംഘം പരിശോധന നടത്തിയത്. സ്ഥലം പദ്ധതിക്ക് അനുയോജ്യമാണെന്ന പ്രാഥമിക വിലയിരുത്തലാണുള്ളതെന്ന് ചാൻസലർ പറഞ്ഞു. മത്സ്യമേഖലയുമായി ബന്ധപ്പെട്ട പരിശീലന- ഗവേഷണ പ്രവർത്തനങ്ങൾക്കാണ് നിർദിഷ്ട കേന്ദ്രം ആരംഭിക്കുന്നത്. മത്സ്യത്തൊഴിലാളികൾ, മത്സ്യ കർഷകർ, മത്സ്യ മേഖലയിലെ വിവിധ സംരംഭകർ എന്നിവർക്ക് വിവിധ വിഷയങ്ങളിൽ ആധുനിക പരിശീലനം ഇവിടെ നൽകാനാകും. ഒപ്പം ഗവേഷക വിദ്യാർഥികൾക്കുള്ള പരീക്ഷണങ്ങൾക്കും അനുബന്ധ പഠനങ്ങൾക്കും അവസരമുണ്ടാകും. മത്സ്യകൃഷി, ജല ആവാസ വ്യവസ്ഥ, ഉൾനാടൻ മത്സ്യബന്ധനം, മത്സ്യസംസ്കരണം, മൂല്യവർധിത ഉൽപാദനം, മത്സ്യ സമ്പത്ത് പരിപാലനം, ആധുനിക സങ്കേതങ്ങൾ തുടങ്ങിയവയിൽ പരിശീലനം ലഭ്യമാക്കാനാണുദ്ദേശിക്കുന്നത്. ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ അനുമതിക്കായി നടപടി പുരോഗമിക്കുന്നതായി സിൻഡിക്കേറ്റ് അംഗം എച്ച്. ബെയ്സിൽ ലാൽ പറഞ്ഞു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചക്ക് ശേഷമാണ് സംഘം ജില്ലയിലെത്തിയത്. തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പദ്ധതിയുടെ സ്പെഷൽ ഓഫിസർ കെ.ജെ. പ്രസന്നകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വെടിക്കെട്ട് നിരോധിച്ചു കൊല്ലം: പട്ടാഴി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും കരിമരുന്ന് പ്രദർശനമോ വെടിക്കെട്ടോ നടത്തുന്നത് നിരോധിച്ച് അഡീഷനൽ ജില്ല മജിസ്േട്രറ്റ് ഉത്തരവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.