തീരദേശത്തെ കായികപ്രതിഭകളെ കണ്ടെത്താൻ 'തീരദേശ സ്‌പോർട്‌സ് ലീഗ്'

തിരുവനന്തപുരം: തീരദേശ പ്രദേശങ്ങളിലെ യുവജനങ്ങളിൽ കായികമത്സരാഭിമുഖ്യം വളർത്തുന്നതിനായി ജില്ല ഭരണകൂടത്തി​െൻറ ആഭിമുഖ്യത്തിൽ തീരദേശ സ്‌പോർട്‌സ് ലീഗ് സംഘടിപ്പിക്കുമെന്ന് കലക്ടർ ഡോ. കെ. വാസുകി പറഞ്ഞു. 18 വയസ്സുവരെയുള്ള ആൺകുട്ടികൾക്കായി ഫുട്‌ബാൾ, ബീച്ച് വോളിബാൾ മത്സരവും പെൺകുട്ടികൾക്കായി ബാഡ്മിൻറൺ, ബീച്ച് വോളിബാൾ മത്സരങ്ങളും സംഘടിപ്പിക്കും. മത്സ്യഗ്രാമങ്ങളെ ആറു സോണുകളായി തിരിച്ച് സോണൽ മത്സരങ്ങൾ നടത്തും. സോണൽ മത്സരവിജയികൾ ജില്ലതല മത്സരത്തിൽ മാറ്റുരക്കും. വിവിധ മത്സരങ്ങളിൽ ഒന്നാമതെത്തുന്നവർ ലീഗ് ജേതാക്കളാകും. വിവിധ സന്നദ്ധ സംഘടനകളുടെയും സ്‌പോർട്‌സ് കൗൺസലി​െൻറയും യുവജനക്ഷേമ വകുപ്പി​െൻറയും ഫിഷറീസ് അടക്കമുള്ള വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് ഏപ്രിൽ, മേയ് മാസങ്ങളിലായി ലീഗ് സംഘടിപ്പിക്കുക. കൊല്ലങ്കോട് തെക്ക്, പരുത്തിയൂർ, പൂവാർ, കരുംകുളം, കൊച്ചുതുറ, പുതിയതുറ, പള്ളം, പുല്ലുവിള, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങൾ ഉൾപ്പെട്ടതാണ് എ സോൺ. ബി സോണിൽ ചൊവ്വര, വിഴിഞ്ഞം വടക്ക്, വിഴിഞ്ഞം തെക്ക്, കോവളം, പനന്തുറ, പൂന്തുറ, ബീമാപള്ളി എന്നിവ ഉൾപ്പെടും. ചെറിയതുറ, വലിയതുറ, കൊച്ചുതോപ്പ്, വലിയതോപ്പ്, ശംഖുംമുഖം, കണ്ണന്തുറ, വെട്ടുകാട് എന്നീ തീരദേശ ഗ്രാമങ്ങളടങ്ങുന്നതാണ് സി സോൺ. കൊച്ചുവേളി, പള്ളിത്തുറ, വലിയവേളി, വെട്ടുതുറ, പുത്തൻതോപ്പ്, വെട്ടിയതുറ, മരിയനാട് എന്നിവയുൾപ്പെട്ടതാണ് ഡി സോൺ. ഇ സോണിൽ പുതുകുറിച്ചി, പെരുമാതുറ, താഴംപള്ളി, പൂന്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി എന്നിവയും എഫ് സോണിൽ കൈക്കര, അരിവാളം, വെട്ടൂർ, ചിലക്കൂർ, ഓടയം, ഇടവ എന്നീ തീരദേശഗ്രാമങ്ങളും ഉൾപ്പെടുന്നു. ഗ്രാമങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ ക്ലബുകളിൽനിന്നോ അല്ലാതെയോയുള്ള ടീമുകളാകും സോണൽ മത്സരങ്ങളിൽ മത്സരിക്കുക. മത്സരത്തി​െൻറ നടത്തിപ്പിനായി സോണൽ തലത്തിൽ ഫിഷറീസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ പ്രാദേശിക സമിതികൾ ഏപ്രിൽ 10നകം രൂപവത്കരിക്കാൻ കലക്ടർ നിർദേശം നൽകി. ലീഗി​െൻറ പ്രചാരണാർഥം 30 വയസ്സുവരെയുള്ള മത്സ്യത്തൊഴിലാളികൾക്കായി ശംഖുംമുഖത്ത് കടലിൽ നീന്തൽമത്സരവും സംഘടിപ്പിക്കും. കലക്ടറേറ്റിൽ കൂടിയ പ്രഥമ ആലോചന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ അനു എസ്.നായർ, ഡിവൈ.എസ്.പി എസ്. ശ്യാംലാൽ, ഡി.ടി.പി.സി. സെക്രട്ടറി ജി. ജയകുമാരൻ നായർ, തഹസിൽദാർ എൻ. രാജു, ജെ. സുരേഷ് ബാബു, എ.എം. നിസാം, ആർ. സരളകുമാരി, എം. ശ്രീകുമാർ, അമല ഷാജി, ജാക്‌സൺ തുമ്പക്കാരൻ, സൂരജ് ഖാൻ, കെ. സുരേഷ്, ജോയ് ഡിക്രൂസ്, തദയൂസ് പൊന്നയ്യൻ, വിപിൻദാസ്, ജോൺസൺ, ജിമ റോസ്, റോബിൻസൺ, ജെ. ജോൺ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.