കലുങ്കുകളും ഒാടകളും നിർമിക്കാതെ അവസാനഘട്ട ടാറിങ്​: നാട്ടുകാർ റോഡ്​ നിർമാണം തടഞ്ഞു

കല്ലറ: ടെൻഡർ നടപടികൾ പ്രകാരമുള്ള അടിയന്തരപ്രവർത്തികൾ പൂർത്തിയാക്കാതെ അവസാനഘട്ട മിനുക്ക് പണിക്കെത്തിയ കരാറുകാരനെ നാട്ടുകാർ സംഘടിച്ച് തടഞ്ഞു. ഒരുവർഷമായി നിർമാണം നടക്കുന്ന കാരേറ്റ്-പാലോട് റോഡിലെ കല്ലറ ശരവണ ജങ്ഷൻ മുതൽ ഭരതന്നൂർ ഹയർ സെക്കൻഡറി സ്കൂൾ കവലവരെയുള്ള ഭാഗത്തെ റോഡുപണിയാണ് ക്രമക്കേട് ആരോപിച്ച് നാട്ടുകാർ തടഞ്ഞത്. ആറ് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്നതിനായി ഏഴ് കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 20 കിലോമീറ്റർ ദൈർഘ്യമുള്ള കാരേറ്റ് -പാലോട് റോഡ് രണ്ട് ഘട്ടമായാണ് നിർമാണം പൂർത്തിയാക്കുന്നത്. ഇതിലെ ഒന്നാംഘട്ടമാണ് ഒരുവർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ കിടക്കുന്നത്. വർഷങ്ങളായി കാൽനടക്ക് പോലും കഴിയാത്തവിധം തകർന്ന് കിടക്കുകയായിരുന്നു റോഡ്. എം.എൽ.എ ഡി.കെ. മുരളിയുടെ െതരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പുനർനിർമാണം. പ്രദേശവാസികളുടെ മതിലും ഗേറ്റുകളും പൊളിച്ചിട്ടശേഷം നിർമാണ പ്രവർത്തനങ്ങൾ നിലച്ചത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ടാറിങ് തുടങ്ങിയെങ്കിലും അവശ്യയിടങ്ങളിലെ കലുങ്കുകളുടെയോ ഓടകളുടെയോ പണി പൂർത്തിയാക്കിയിരുന്നില്ല. കൂടാതെ റോഡിന് വീതി കൂട്ടിയപ്പോൾ അപകടകരമായ നിലയിലായ വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിന് വൈദ്യുതിവകുപ്പിൽ അടക്കേണ്ട പണവും ഒടുക്കിയിരുന്നില്ല. ഇതെല്ലാം ബാക്കിനിർത്തിയാണ് അവസാനഘട്ട ടാറിങ്ങിനായി കഴിഞ്ഞ ദിവസം തൊഴിലാളികളും കരാറുകാരനുമെത്തിയത്‌. വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിച്ച്‌ ഓടകളും കലിങ്കുകളും പൂർത്തിയാക്കിയശേഷമേ തുടർ ടാറിങ് അനുവദിക്കൂവെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. തുടർന്ന് വൈദ്യുതി വകുപ്പിലടക്കേണ്ട പണം കരാറുകാരൻ അടച്ചു. പോസ്റ്റുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായും തുടർപണികൾ ഉടൻ പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.