പട്ടികജാതി വിദ്യാർഥിക്കുള്ള പഠനാനുകൂല്യം നിഷേധിച്ചു; മാതാവ് പഞ്ചായത്ത് പടിക്കൽ നിരാഹാരത്തിൽ

* ലാപ്ടോപ് കുട്ടിക്ക് അനുവദിക്കാനാവില്ലെന്ന് സെക്രട്ടറി കിളിമാനൂർ: പട്ടികജാതി കുട്ടികളുടെ ഉപരിപഠനത്തിന് സർക്കാർ നൽകുന്ന ആനുകൂല്യം അനുവദിച്ചുകിട്ടുന്നതിന് മാതാവ് പഞ്ചായത്ത് ഓഫിസ് പടിക്കൽ നിരാഹാരത്തിൽ. ആനുകൂല്യം അനുവദിച്ച് നൽകാനാകില്ലെന്ന ഉറച്ച നിലപാടിൽ പഞ്ചായത്ത് സെക്രട്ടറിയും വി.ഇ.ഒയും. അധികൃതരുടെ നിഷേധ നിലപാടിനെതിരെ ജനപ്രതിനിധികൾ രംഗത്തെത്തി. കിളിമാനൂർ ബ്ലോക്കിന് കീഴിൽ മടവൂർ പഞ്ചായത്ത് സെക്രട്ടറിയാണ് കുട്ടിക്ക് അർഹമായ ആനുകൂല്യം നിഷേധിക്കുന്നതത്രെ. ഇതുസംബന്ധിച്ച്‌ വിദ്യാർഥിയുടെ മാതാവ് പട്ടികവികസന ഓഫിസർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പ്രസിഡൻറ് എന്നിവർക്ക് പരാതി നൽകി. മടവൂർ പഞ്ചായത്തിലെ അടുക്കോട്ടുകോണം വിഷ്ണുവിലാസത്തിൽ ബാലൻ-ഉഷ ദമ്പതികളുടെ മകൻ വിഷ്ണു ബാലനാണ് ആനുകൂല്യം നിഷേധിക്കപ്പെട്ടത്. പ്ലസ് ടു സയൻസിൽ ജില്ലയിൽ പട്ടികവിഭാഗത്തിൽനിന്ന് ഉയർന്ന മാർക്കോടെയാണ് വിഷ്ണു പാസായത്. തുടർന്ന് കൊല്ലം ഗവ. സ്കൂൾ ഓഫ് നഴ്സിങ് ഫോർ എസ്.സി- എസ്.ടി സ്ഥാപനത്തിൽ ജനറൽ നഴ്്സിങ്ങിൽ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചു. കേരളത്തിലെ 14 ജില്ലകളിൽനിന്നും മെറിറ്റിൽ പ്രവേശനം ലഭിച്ച കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി നൽകുന്ന ലാപ്ടോപ് ആനുകൂല്യമാണ് സെക്രട്ടറിയും വി.ഇ.ഒയും ചേർന്ന് തടഞ്ഞുെവച്ചത്. ജനറൽ നഴ്സിങ് പ്രഫഷനൽ കോഴ്സ് അല്ലെന്ന് പറഞ്ഞാണ് ആനുകൂല്യം സെക്രട്ടറി തടഞ്ഞിരിക്കുന്നത്. എന്നാൽ, കേരള സർക്കാർ പട്ടികജാതി--പട്ടികവർഗ വികസനവകുപ്പ് ജി.ഒ 50/2009 നമ്പർ പ്രകാരം 2009 ജൂലൈ രണ്ടിന് ഇറക്കിയ ഉത്തരവിൽ പട്ടികജാതി/പട്ടികവർഗ /മറ്റർഹ വിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിന് അനുബന്ധമായി നൽകിയിട്ടുള്ള പ്രഫഷനൽ ആൻഡ് ജോബ് ഓറിയൻറഡ് കോഴ്സുകളുടെ പട്ടികയിൽ 27ാമത്തെ കോഴ്സായി ജനറൽ നഴ്സിങ് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, 2018--19ൽ പുറത്തിറക്കിയ പഞ്ചായത്ത് മാർഗരേഖയിൽ ധനസഹായങ്ങൾ എന്ന പട്ടികയിൽ 7.2ൽ പട്ടികജാതി -പട്ടികവർഗ ധനസഹായം എന്ന ഭാഗത്ത് 7.2.8-ൽ 30,000 രൂപയിൽ അധികരിക്കാത്ത വിലയുള്ള ലാപ്ടോപ് ഗ്രാമപഞ്ചായത്ത് / നഗരഭരണ സ്ഥാപനങ്ങൾ വാങ്ങിനൽകാവുന്നതാണ് എന്ന് നിർദേശിച്ചിട്ടുമുണ്ട്. കേരളത്തിന് പുറത്തുപോയി പഠിക്കുന്ന കുട്ടികൾക്കും ഇവ നൽകാമെന്നും നിർദേശമുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം ഇങ്ങനെ: ലാപ്ടോപ്പിന് അർഹതയില്ലാത്ത ആളാണ് അപേക്ഷകൻ. പ്രഫഷനൽ കോഴ്സുകളായ ബിരുദം, ബിരുദാനന്തര ബിരുദം, പോളിടെക്നിക്, എൻജിനീയറിങ്, മെഡിക്കൽ, കമ്പ്യൂട്ടർ സയൻസ് (ഡിപ്ലോമ) എന്നിവക്ക് മാത്രമേ ലാപ്ടോപ് കൊടുക്കാൻ കഴിയൂ. ജനറൽ നഴ്സിങ് പ്രഫഷനൽ കോഴ്സല്ല. അതേസമയം, ജനറൽ നഴ്സിങ് പ്രഫഷനൽ കോഴ്സാണെന്നും ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവടക്കം അപേക്ഷകന് ലാപ്ടോപ് നൽകാമെന്ന് കാണിച്ച് പഞ്ചായത്ത് വി.ഇ.ഒക്ക് സന്ദേശം നൽകിയിട്ടുണ്ടെന്നും കിളിമാനൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാർ ഉത്തരവുകൾ പ്രകാരം വിഷ്ണുബാലന് ലാപ്ടോപ്പിന് അർഹതയുണ്ടെന്നും ഉദ്യോഗസ്ഥരുടെ നിലപാട് പ്രതിഷേധാർഹമാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ലാപ്ടോപ് അനുവദിക്കാമെന്ന് കാണിച്ച് വി.ഇ.ഒക്ക് കത്ത് നൽകിയിട്ടുണ്ട്. മകനോടൊപ്പം പഠിക്കുന്ന മറ്റ് ജില്ലകളിലെ മുഴുവൻ കുട്ടികൾക്കും സർക്കാർ ആനുകൂല്യമായ ലാപ്ടോപ് കിട്ടിയതായും പത്താം ക്ലാസ് തോറ്റവർക്കും ജനറൽ നഴ്സിങ്ങിന് ചേരാമെന്ന് പറഞ്ഞ് വി.ഇ.ഒ പരിഹസിച്ചതായും രണ്ട് ദിവസത്തിനകം ആനുകൂല്യം ലഭിച്ചില്ലെങ്കിൽ ജില്ല കലക്ടർക്ക് പരാതി നൽകുമെന്നും ഉഷ പറഞ്ഞു. ആനുകൂല്യം നിഷേധിക്കാനുള്ള കാരണം ആരാഞ്ഞ് പഞ്ചായത്ത് സെക്രട്ടറിക്ക് വിവരാവകാശനിയമപ്രകാരം അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് നിർധനയായ വീട്ടമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.